കൈക്കൂലി ഇല്ലേൽ ഭൂമി ഇനം മാറ്റം കുരുങ്ങും

Saturday 27 May 2023 12:10 AM IST

കൊല്ലം: ഭൂമിയുടെ ഇനം മാറ്റത്തിന് ഇടനിലക്കാർ മുഖേന കൈക്കൂലി ഇടപാട് ഉറപ്പിച്ച് ഒരുവിഭാഗം ഉദ്യോഗസ്ഥർ. ഇനം മാറ്റം വേഗത്തിലാക്കാൻ ഭൂമിയുടെ വലിപ്പവും വിപണി വിലയും അടിസ്ഥാനമാക്കി 25000 മുതൽ 35000 രൂപ വരെയാണ് ഇടനിലക്കാർ മുഖേന വാങ്ങുന്നത്. റവന്യൂ വകുപ്പിന് പുറമേ കൃഷി വകുപ്പിലെയും കൈക്കൂലിക്കാരായ ചില ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ചാണ് ഇടനിലക്കാർ കച്ചവടം കൊഴുപ്പിക്കുന്നത്.

ഓൺലൈനായെത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞ് ബോധപൂർവം ചവിട്ടും. ഇവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, വേഗത്തിൽ തീർപ്പാക്കി നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാർ അപേക്ഷകരെ സമീപിച്ചാണ് പണം വാങ്ങുന്നത്.

ഇനം മാറ്റലിനുള്ള അപേക്ഷ ഓൺലൈനാക്കിയെങ്കിലും അപേക്ഷയ്ക്കൊപ്പം കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരുന്നതും നടപടി ക്രമങ്ങളിലെ സങ്കീർണതകളുമാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും മുതലെടുക്കുന്നത്.

താരതമ്യേന അപേക്ഷ കുറവായതിനാൽ പുനലൂർ ആർ.ഡി.ഒ പരിധിയിൽ ഇനം മാറ്റം ഒരുപരിധി വരെ വേഗത്തിൽ നടക്കുന്നുണ്ട്. കൂടുതൽ അപേക്ഷകളുള്ള കൊല്ലം ആർ.ഡി.ഒ ഓഫീസ് പരിധിക്കുള്ളിലാണ് ഏജന്റുമാരുടെ വിളയാട്ടം.


എന്തും ഏറ്റെടുക്കും ഇടനിലക്കാർ

 ഭൂവുടമകളെ ഇടനിലക്കാർ തന്നെ കണ്ടെത്തും

 രേഖകൾ നൽകിയാൽ വില്ലേജ്, താലൂക്ക് ഓഫീസുകളിലെ മറ്റ് രേഖകൾ സംഘടിപ്പിച്ച് ഇടനിലക്കാർ തന്നെ റിലീസ് പോർട്ടൽ വഴി അപേക്ഷ നൽകും

 നേരിട്ട് അപേക്ഷിച്ചാൽ പലതവണ ഓഫീസുകൾ കയറിയിറങ്ങണം

 ഇടനിലക്കാർ മുഖേന നൽകിയാൽ ഒന്നോ രണ്ടോ തവണ എത്തിയാൽ മതി

 തങ്ങൾളുടെ സർവീസ് ചാർജും ഉദ്യോഗസ്ഥരുടെ കൈക്കൂലിയും ചേർത്താണ് വാങ്ങുന്നത്

കൊല്ലം നഗരത്തിൽ കൈക്കൂലി റേറ്റ്

സർവേയർക്ക് ₹ 5000

വില്ലേജ് ഓഫീസിന് ₹ 7000

അപേക്ഷ ഫയൽ, സർവീസ് ചാർജ് ₹ 5000

കൃഷിഭവന് ₹ 5000

താലൂക്ക് ഓഫീസിന് ₹ 5000


ഉദ്യോഗസ്ഥരുടെ പഴി ഇന്റർനെറ്റിന്

റവന്യൂ ഓഫീസുകളിലെ ഇന്റർനെറ്റിന് വേഗത കുറവ്

 ഓരോ അപേക്ഷകൾക്കൊപ്പവും നിരവധി രേഖകളുണ്ടാകും

 ഇവ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാൻ ഏറെ സമയം വേണ്ടിവരും

 ഒരു ദിവസം ഒന്നോ രണ്ടോ അപേക്ഷകളേ പരിശോധിക്കാൻ കഴിയൂ
 ഇതോടെ അപേക്ഷകളിലെ തീർപ്പ് വൈകും

Advertisement
Advertisement