ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആശ്രമ സമർപ്പണവും വിഗ്രഹ പ്രതിഷ്ഠയും നാളെ

Saturday 27 May 2023 12:10 AM IST

വാഷിംഗ്ടൺ, ഡി.സി: അമേരിക്കൻ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡി.സിയിൽ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ (സന)​ ആശ്രമ സമുച്ചയ സമർപ്പണവും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 28 ന് നടക്കും. രാവിലെ 11.30 നും 12 നുമിടയ്ക്കുള്ള മുഹൂർത്തത്തിൽ സ്വാമി ഗുരുപ്രസാദ് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരായ സ്വാമി ബോധിതീർത്ഥ,​ സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിക്കും.

തുടർന്നു നടക്കുന്ന സമർപ്പണ സമ്മേളനം കൗണ്ടി കമ്മിഷനേഴ്സ് പ്രസിഡന്റ് റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാനും,​ ഗുരുദേവ കൃതികളുടെ ആഴത്തിലുള്ള പഠനത്തിന് ഭൗതിക സാഹചര്യമൊരുക്കാനുമുള്ള മഹായജ്ഞത്തിനാണ് ആശ്രമ സമർപ്പണത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന് സന ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ പറഞ്ഞു. സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് വിശ്വശാന്തി ഹോമം,​ മഹാഗുരു പൂജ,​ ഗുരുദേവ കൃതികളുടെ ആലാപനം,​ സമൂഹപ്രാർത്ഥന എന്നിവ നടക്കും.

ആശ്രമ സമർപ്പണത്തിലും പ്രതിഷ്ഠാ ചടങ്ങിലും പങ്കെടുക്കാനായി ഇന്ത്യയ്ക്കു പുറമേ,​ വിവിധ അമേരിക്കൻ നഗരങ്ങളിൽ നിന്നും യു.കെ,​ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും നിരവധി ഗുരുദേവ ഭക്തർ വാഷിംഗ്ടൺ ഡി.സിയിൽ എത്തിയിട്ടുണ്ട്. സമർപ്പണ ചടങ്ങിനായി പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ,​ ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ,​ ട്രഷറർ സന്ദീപ് പണിക്കർ,​ വൈസ് പ്രസിഡന്റുമാരായ അനിൽ കുമാർ,​ മനോജ് കുട്ടപ്പൻ,​ ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ,​ ജനറൽ കൺവീനർ ശ്രീനി പൊന്നച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂ‌ർത്തിയായതായി സംഘാടകർ അറിയിച്ചു.