ഷീ ലോഡ്ജ് ബാലൻസ് ഷീറ്റിൽ നഷ്ടം

Saturday 27 May 2023 12:13 AM IST
കോർപ്പറേഷന്റെ പോളയത്തോട്ടിലെ ഷീ ലോഡ്ജ്

 കോർപ്പറേഷൻ ഖജനാവ് ചോരുന്നു

കൊല്ലം: വർഷം നാല് കഴി‌ഞ്ഞിട്ടും കോർപ്പറേഷൻ പോളയത്തോട്ടിൽ ആരംഭിച്ച ഷീ ലോഡ്ജ് ബാലൻസ് ഷീറ്റിൽ മിച്ചം നഷ്ടം. മാസത്തിൽ അഞ്ചോ ആറോ സ്ത്രീകൾ മാത്രമാണ് എത്തുന്നത്.

വരുന്നവർ പത്തോ പന്ത്രണ്ടോ ദിവസം തുടർച്ചയായി താമസിക്കുമെന്നത് മാത്രമാണ് മെച്ചം. കോർപ്പറേഷൻ പതിനായിരങ്ങൾ മുടക്കുന്നുണ്ടെങ്കിൽ വേണ്ടത്ര പ്രചാരണം നൽകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
പ്രതിമാസം ശരാശരി 15000 രൂപയാണ് ഷീ ലോഡ്ജിലെ വരുമാനം. എന്നാൽ ജീവനക്കാരുടെ വേതനം, കെട്ടിടത്തിന്റെ വാടക എന്നിവ സഹിതം പ്രതിമാസം 45000 രൂപയാണ് ആകെ ചെലവ്. ഓരോ മാസവും 30000 രൂപ കോർപ്പറേഷൻ നഷ്ടം സഹിച്ച് ഷീ ലോഡ്ജിനായി ചെലവഴിക്കുകയാണ്.


പിന്നോട്ടടിച്ച പ്രശ്നങ്ങൾ

 സ്വകാര്യത ലഭിക്കുന്ന തരത്തിൽ സിംഗിൾ ബെഡ് റൂമുകളില്ല

 ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ലാത്തതും തിരിച്ചടി

 ഇത് ദീർഘദൂര യാത്രക്കാരെ ഷീ ലോഡ്ജിൽ നിന്ന് അകറ്റി

 കമ്പ്യൂട്ടർ, സ്കാനർ, പ്രിന്റർ ഉപകരണങ്ങൾ നശിക്കുന്നു

 സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികളും ഇഴയുന്നു

 ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകളിൽ പരസ്യങ്ങളില്ല

 സുരക്ഷാ ജീവനക്കാരും മെച്ചപ്പെട്ട വഴി സൗകര്യവുമില്ല

 സ്റ്റേഷനറി സാധനങ്ങൾ ലഭ്യമല്ല

പ്രതിമാസ വരുമാനം ₹ 15000

ചെലവ് ₹ 45000

നഷ്ടം ₹ 30000

24 മണിക്കൂർ തങ്ങാൻ വാടക ₹ 300

പഠനം, തൊഴിൽ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾ ഷീ ലോഡ്ജ് സൗകര്യം പ്രയോജനപ്പെടുത്തുന്നില്ല. പ്രചാരം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.

കോർപ്പറേഷൻ അധികൃതർ

Advertisement
Advertisement