നെഞ്ചോടു ചേർക്കാൻ ഫ്രഞ്ച് ഓപ്പൺ

Saturday 27 May 2023 1:05 AM IST

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് നാളെ തുടക്കം

17 വർഷത്തിന് ശേഷം നദാൽ പങ്കെ‌ടുക്കാത്ത ഫ്രഞ്ച് ഓപ്പൺ

പാരീസ് : കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ളാമായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് നാളെ തുടക്കമാകുന്നു.14തവണ റൊളാംഗ് ഗാരോയിൽ പുരുഷ സിംഗിൾസ് കിരീടമുയർത്തി ചരിത്രം സൃഷ്ടിച്ച റാഫേൽ നദാൽ പരിക്കുമൂലം കളിക്കാനില്ല എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 2005ൽ ഇവി‌ടെ ആദ്യമായി കിരീടമുയർത്തിയതിന് ശേഷമുള്ള എല്ലാ ടൂർണമെന്റുകളിലും നദാൽ കളിക്കാനിറങ്ങിയിരുന്നു.

മൂന്നാം സീഡായി മത്സരിക്കാനിറങ്ങുന്ന മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് , റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവ്, യുവതാരം കാർലോസ് അൽക്കാരസ്, ഗ്രീക്ക് താരം സിസ്റ്റിപ്പാസ് തുടങ്ങിയവരാണ് നദാലിന്റെ അഭാവത്തിൽ കിരീടത്തിൽ കണ്ണുവയ്ക്കുന്നത്. 23-ാം ഗ്രാൻസ്ളാം കിരീടം നേടി ഇപ്പോൾ നദാലിനൊപ്പം പങ്കി‌ടുന്ന ഗ്രാൻസ്ളാം വാഴ്ചയുടെ റെക്കാഡ് ഒറ്റയ്ക്ക് സ്വന്തമാക്കുകയാണ് നൊവാക്കിന്റെ ലക്ഷ്യം. 2016,2021 സീസണുകളിൽ നൊവാക്ക് ഇവിടെ കിരീടമുയർത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ഇറ്റാലിയൻ ഓപ്പൺ നേടി മികച്ച ഫോമിലാണ് മെദ്‌വദേവ്. എന്നാൽ യുവതാരം അൽക്കാരസിലാണ് മുൻ താരം ജോൺ മക്കെൻറോ ഉൾപ്പടെയുള്ളവർ പ്രതീക്ഷയർപ്പിക്കുന്നത്. കടുത്ത ശാരീരിക ക്ഷമത വേണ്ട ക്ളേ കോർട്ടിൽ അൽക്കാരസ് മറ്റുള്ളവർക്ക് കനത്ത വെല്ലുവിളിയാകും.കഴിഞ്ഞവർഷം നദാലിനോട് ഫൈനലിൽ തോറ്റ കാസ്പർ റൂഡും ഇക്കുറി പ്രതീക്ഷയിലാണ് . അതേമയം ആൻഡി മുറെ,നിക്ക് കിർഗിയോസ് തുടങ്ങിയ മുൻനിര താരങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

വനിതാ വിഭാഗത്തിൽ പോളണ്ടുകാരി ഇഗ ഷ്വാംടെക്കാണ് മുൻനിരപ്പോരാളി. നിലവിലെ ചാമ്പ്യനും രണ്ട് കിരീടങ്ങൾക്ക് ഉടമയുമാണ് ഇഗ. വിംബിൾഡൺ ചാമ്പ്യൻ എകാതറിന റൈബാക്കിന, 2021ലെ ചാമ്പ്യൻ ബാർബോറ ക്രേസിക്കോവ ,അര്യാന സബലേങ്ക തുടങ്ങിയവരും കിരീടപ്രതീക്ഷയോടെ കളത്തിലിറങ്ങുന്നുണ്ട്.

86 വർഷത്തിന് ശേഷം ഇക്കുറി ഫ്രഞ്ച് ഒാപ്പൺ മെയിൻ ഡ്രോയിൽ ചൈനീസ് താരങ്ങളുണ്ടാവും.വു ഇബ്‌ലിംഗ്,ഷാംഗ് ഷിഷൻ എന്നിങ്ങനെ രണ്ട് ചൈനീസ് താരങ്ങളാണ് ഇത്തവണ ക്വാളിഫയർ കടന്ന് എത്തിയിരിക്കുന്നത്. 1937ൽ ചോയ് -വായ് ച്യുവേനാണ് അവസാനമായി ഫ്രഞ്ച് ഓപ്പണിൽ കളിച്ച ചൈനാക്കാരൻ.

Advertisement
Advertisement