ജഗ ഗില്ലി, മുംബയ് ഇന്ത്യൻസിനെ  തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ

Saturday 27 May 2023 1:08 AM IST

മുംബയ് ഒൗട്ട് , ഗുജറാത്ത് ഫൈനലിൽ

മുംബയ് ഇന്ത്യൻസിനെ 62 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ

ഗുജറാത്ത് Vs ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനൽ നാളെ അഹമ്മദാബാദിൽ.

മുംബയ് ഇന്ത്യൻസിനെതിരെ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി(129)

ഈ സീസണിൽ ഗിൽ നേടുന്ന മൂന്നാം സെഞ്ച്വറി

അഹമ്മദാബാദ് : സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെ 62 റൺസിന് തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. ഇന്നലെ അഹമ്മദാബാദിൽ നടന്ന രണ്ടാം ക്വാളിഫയറൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഗില്ലിന്റെയും സായ് സുദർശിന്റയും (43),ഹാർദിക് പാണ്ഡ്യയു‌ടെയും മികവിൽ 233/3 എന്ന സ്കോർ ഉയർത്തിയപ്പോൾ മുംബയ്‌യുടെ മറുപടി .18.2 ഓവറിൽ 171ൽ അവസാനിക്കുകയായിരുന്നു. സൂര്യകുമാർ യാദവ്(61), തിലക് വർമ്മ (43),കാമറൂൺ ഗ്രീൻ (30) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ ചോർന്നതോടെ മുംബയ് മുട്ടിടിച്ച് വീ‌ഴുകയായിരുന്നു. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ്മ 2.2ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റുകൾ വീഴ്ത്തി. ഷമിക്കും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതവും ജോഷ് ലിറ്റിലിന് ഒരു വിക്കറ്റും ലഭിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽചെന്നൈ സൂപ്പർ കിംഗ്സാണ് ഗുജറാത്ത് ടൈറ്റാൻസിന്റെ എതിരാളികൾ. ആദ്യക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയിരുന്നത്.

തുടർച്ചയായ രണ്ടാം സീസണിലാണ് ഗുജറാത്ത് ഫൈനലിലെത്തുന്നത്.കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ഹാർദിക് പാണ്ഡ്യയും സംഘവും കിരീടമുയർത്തിയിരുന്നത്.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റിരുന്നതിന്റെ നിരാശയിൽ നിന്ന് ഉയിർത്തെണീൽക്കുന്ന ടൈറ്റാൻസിനെയാണ് ഇന്നലെ അഹമ്മദാബാദിൽ കണ്ടത്. ശ്രദ്ധയോടെ തുടങ്ങിയ ഗിൽ പിന്നീട് കൊടുങ്കാറ്റായി വീശിയടിച്ചതോടെ മുംബയ് ബൗളർമാർ നാലുപാടും പറന്നു. ഏഴു ഫോറുകളും 10 സിക്സുകളുമാണ് ഗിൽ പറത്തിയത്.

വൃദ്ധിമാൻ സാഹയ്ക്കൊപ്പം (18) ഓപ്പണിംഗിൽ 6.2 ഓവറിൽ 54 റൺസാണ് ഗിൽ കൂട്ടിച്ചേർത്തത്. പിയൂഷ് ചൗളയെ ഇറങ്ങിയടിക്കാനൊരുങ്ങിയ സാഹയെ ഇഷാൻ സ്റ്റംപ് ചെയ്ത ശേഷം ക്രീസിലെത്തിയ സായ് സുദർശനെ കൂട്ടുനിറുത്തിയാണ് ഗിൽ കത്തിക്കയറിയത്. 63 പന്തുകളിൽ നിന്ന് 138 റൺസ് കൂട്ടിച്ചേർത്ത സഖ്യം 17-ാം ഓവറിൽ പിരിയുമ്പോൾ ഗുജറാത്ത് 192/2 എന്ന സ്കോറിലെത്തിയിരുന്നു. വ്യക്തിഗത സ്കോർ 129ൽ വച്ച് ആകാശ് മധ്വാളാണ് ഗില്ലിനെ മടക്കി അയച്ചത്. തുടർന്ന് സായ്‌യും ഹാർദിക്കും (28 നോട്ടൗട്ട് ) ചേർന്ന് 200 കടത്തി. 214ൽ വച്ച് സായ് മടങ്ങി. ഈ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം ടോട്ടലിലെത്തിച്ച ശേഷമാണ് ഹാർദിക്കും റാഷിദ് ഖാനും (5*) തിരിച്ചുനടന്നത്.

കീപ്പിംഗിനിടെ കണ്ണിന് പരിക്കേറ്റ ഇഷാൻ കിഷന് ഇന്നലെ ഓപ്പണിംഗിന് ഇറങ്ങാനായിരുന്നില്ല. പകരം നെഹാൽ വധേരയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണിംഗിനെത്തിയത്.ഇരുവർക്കും കാലുറപ്പിക്കാനാവും മുന്നേ ഷമി തിരിച്ചയച്ചു. ആദ്യ ഓവറിൽ വധേരയെ(4) സാഹയും മൂന്നാം ഓവറിൽ രോഹിതിനെ ജോഷ് ലിറ്റിലും പിടികൂടുകയായിരുന്നു. എന്നാൽ തുടർന്നിറങ്ങിയ തിലക് വർമ്മ തിരിച്ചടി തുടങ്ങി. ഷമിയെ ഒരോവറിൽ നാലുഫോറും ഒരു സിക്സുമടക്കം 22 റൺസിന് ശിക്ഷിച്ച തിലകിനെ ആറാം ഓവറിൽ റാഷിദ് ഖാൻ ക്ളീൻ ബൗൾഡാക്കി. 14 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കമാണ് തിലക് 43 റൺസടിച്ചത്. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ കാലുറപ്പിക്കവേ കാമറൂൺ ഗ്രീനിനെ (30) ജോഷ് ലിറ്റിൽ ക്ളീൻ ബൗൾഡാക്കി. എന്നാൽ വിഷ്ണുവിനോദിനെക്കൂട്ടി പതറാതെ സൂര്യകുമാർ അർദ്ധ സെഞ്ച്വറിയിലെത്തി. പക്ഷേ 15-ാം ഓവറിൽ സൂര്യകുമാറിനെ മോഹിത് ശർമ്മ ബൗൾഡാക്കിയതോടെ മുംബയ് 155/5 എന്ന നിലയിലായി. 38 പന്തുകൾ നേരിട്ട സൂര്യ ഏഴുഫോറും രണ്ട് സിക്സുമടക്കമാണ് 61 റൺസിലെത്തിയത്. രണ്ട് പന്തിന് ശേഷം മോഹിത് വിഷ്ണുവിനെയും കൂടാരം കയറ്റി. പിന്നത്തെ പ്രതീക്ഷയായ ടിം ഡേവിഡിനെ റാഷിദ് എൽ.ബിയിൽ കുരുക്കിയതോടെ മുംബയ് 158/7 എന്ന നിലയിലെത്തി.

851 റൺസുമായി ശുഭ്മാൻ ഗിൽ ഈ സീസൺ റൺവേട്ടയിൽ ഒന്നാമത്

ശുഭ്മാൻ ഗിൽ 129

60 പന്തുകൾ

07 ഫോറുകൾ

10 സിക്സുകൾ

129 റൺസ്

Advertisement
Advertisement