ആലപ്പുഴയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം

Saturday 27 May 2023 6:58 AM IST

ആലപ്പുഴ: വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലയ്‌ക്ക് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

തീപടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെ ഓട്ടോമാറ്റിക്കായി തീയണയ്ക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഇത് പ്രവർത്തിച്ചതോടെ തീ പെട്ടെന്ന് അണഞ്ഞു. ഇതോടെ വെള്ളം വീണ് ചില മരുന്നുകളും നശിച്ചു.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍, പത്ത് ദിവസത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചിരുന്നു. തിരുവന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായിരുന്നു.

കൊല്ലത്തും തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറാണ് തീപിടിത്തത്തിന് കാരണമായതെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായി മരുന്നുകളും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ആലപ്പുഴയിലും സമാനസാഹചര്യമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊവിഡ് കാലത്തെ മരുന്ന് ഇടപാട് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ തീപിടിത്തമുണ്ടായത് ദുരൂഹമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Advertisement
Advertisement