ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്ത് അരിക്കൊമ്പൻ, ഒരാൾക്ക് പരിക്ക്, ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ മാത്രം; മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്‌നാട്

Saturday 27 May 2023 10:25 AM IST

ഇടുക്കി: തമിഴ്നാട്ടിലെ കമ്പം ടൗണിൽ ജനത്തെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പൻ. ഇതുവരെ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു.ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

ആനയുടെ തുമ്പിക്കൈയിൽ മുറിവുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ജനങ്ങൾ സുരക്ഷിതമായി വീട്ടിലിരിക്കണമെന്ന് തമിഴ്നാട് പൊലീസ് മുന്നറിയിപ്പ് നൽകി. തേനി എസ് പി സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. തമിഴ്നാട് വനംവകുപ്പ് ഇന്ന് തന്നെ ഉത്തരവിറക്കിയേക്കും.

കുങ്കിയാനകൾ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് വിടാനും ശ്രമിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാൽ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലെത്താം. വെറും എൺപത്തിയെട്ട് കിലോമീറ്റർ മാത്രമാണ് ദൂരം.

കേരളാ വനംവകുപ്പും ആനയെ സൂക്ഷ്‌‌മമായി നീരീക്ഷിച്ചുവരികയാണ്. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. രാവിലെയോടെ കമ്പത്ത് ജനവാസ മേഖലയിൽ എത്തി. ആന കഴിഞ്ഞ ദിവസം കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയെത്തിയിരുന്നു.