സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ ഏഴു ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത,​ അഞ്ചു ദിവസം മഴ തുടരും,​ ജാഗ്രതാ നിർദ്ദേശം

Saturday 27 May 2023 9:09 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ഇടുക്കി,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളത്.

അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട,​ എറണാകുളം,​ ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്,​. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും നാളെയും യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലയ്ക്ക് പുറമേ തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഈ ദിവസങ്ങളിൽ മഴ സജീവമാകും. ചുരുക്കമിടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കാം,​ കാലവർഷത്തിന് മുന്നോടിയായി കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്. ഇതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണം. മോശം കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള,​ ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.