കാട്ടുപന്നി ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു, വന്യജീവി ആക്രമണത്തിൽ ഈ മാസം ജീവൻ നഷ്ടമായത് നാല് പേർക്ക്

Saturday 27 May 2023 9:31 PM IST

തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ വീണ്ടും മരണം. തൃശ്ശൂർ വരവൂർ തളിയിലിലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. വീടിന്റെ പരിസരത്ത് നിന്ന രാജീവിനെ പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

നാളികേരം പെറുക്കുകയായിരുന്ന രാജീവിനെ കാട്ടുപന്നി നെഞ്ചിൽ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റ് രാജീവ് നിലത്ത് വീണിട്ടും ആക്രമിക്കുന്നത് തുടർന്നു. വീണ്ടും രണ്ട് തവണ കുത്തിയ ശേഷം പന്നി ഓടിമറയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ രാജീവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മ‌ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.

അതേസമയം കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലത്തും കോട്ടയത്തുമുണ്ടായ സംഭവങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു. കോട്ടയം എരുമേലിയിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്.

എരുമേലി പുറത്തേൽ ചാക്കോച്ചൻ (70), പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് ദാരുണമായി മരിച്ചത്. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്ലത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാണ് (64) മരിച്ചത്

കോതമംഗലം- പൂയംകുട്ടി വനത്തിൽ വെച്ചുണ്ടായ വന്യമൃഗത്തിന്റെ ആക്രമണത്തിൽ അഞ്ചംഗ സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ്(55) മഞ്ചപ്പാറയിൽ വെച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

Advertisement
Advertisement