അഴിമതി: സംഘടനാ നേതാക്കളുടെ യോഗം വിളിക്കും- മന്ത്രി കെ. രാജൻ
തൃശൂർ: അഴിമതിക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി ജൂൺ അഞ്ചിന് സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ഇതിന്റെ മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 156 വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയെന്നും പലയിടത്തും ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവർക്കെതിരെ അടുത്ത ദിവസം തന്നെ കർശന നടപടി സ്വീകരിക്കും. പാലക്കയം സംഭവത്തിൽ മറ്റുള്ളവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
അഴിമതി കണ്ടെത്തിയാൽ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. റവന്യു വകുപ്പിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല. വരുംദിവസങ്ങളിലും നടപടികളുമായി മുന്നോട്ട് പോകും. റവന്യു വകുപ്പിലെ വിജിലൻസ് സംവിധാനത്തിന് പുറമേ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരും. അഴിമതിക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഓൺലൈൺ സേവനങ്ങൾ പൂർണ്ണമായും ഉപയോഗിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. നവംബർ ഒന്ന് മുതൽ ഇ - ഗവേണൻസ് സേവനം ലഭ്യമാക്കും. എ.ഡി.എം ടി. മുരളി, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, അസി. കളക്ടർ ജയകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അഞ്ഞൂർ വില്ലേജ് ഓഫീസിൽ
മന്ത്രിയുടെ മിന്നൽ പരിശോധന
റവന്യു ഓഫീസുകളിലെ പരിശോധനകളുടെ ഭാഗമായി മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ അഞ്ഞൂർ വില്ലേജ് ഓഫീസിൽ പരിശോധന നടത്തി. കളക്ടർ വി.ആർ. കൃഷ്ണ തേജ, എ.ഡി.എം ടി. മുരളി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം പരിശോധന നടന്നു. രേഖകൾ പരിശോധിച്ച മന്ത്രി, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.