എൽ.ഐ.സി മൊത്തം പ്രീമിയം വരുമാനത്തിൽ 10.90% വളർച്ച

Sunday 28 May 2023 2:35 AM IST

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം പ്രീമിയം വരുമാനത്തിൽ 10.90 ശതമാനം വളർച്ച നേടി. 4,74,005 കോടി രൂപയാണ് ഈ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം. 62.58 ശതമാനം വിപണി വിഹിതവുമായി എൽ.ഐ.സി ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് ബിസിനസ്സിൽ നേതൃസ്ഥാനം നിലനിർത്തിയിട്ടുണ്ട്. എൽ.ഐ.സിയുടെ മൊത്തം എഫ്.വൈ.പി.ഐ മുൻ സാമ്പത്തിക വർഷത്തിലെ 1.98 ലക്ഷം കോടി രൂപയിൽനിന്ന് 16.67 ശതമാനം വർദ്ധിച്ച് 2023 സാമ്പത്തിക വർഷത്തിൽ 2.32 ലക്ഷം കോടിയായി.

ഈ സാമ്പത്തിക വർഷത്തിൽ വ്യക്തിഗത ഇനത്തിൽ 2.04 കോടി പോളിസികളുടെ വിപണനം നടത്തിയിട്ടുണ്ട്. 16.46 ശതമാനം വളർച്ച രേഖപ്പെടുത്തി വാല്യൂ ഒഫ് ന്യൂ ബിസിനസ് 11,533 കോടി രൂപ ആക്കിയിരുന്നു. 2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 36,397.40 കോടി രൂപയാണ്. ഒരു ഓഹരിക്ക് മൂന്ന് രൂപ ലാഭവിഹിതം നൽകണമെന്ന് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. അസറ്റ് അണ്ടർ മാനേജ്‌മെന്റ് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം വരെ 43.97 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. മുൻവർഷം ഇത് 40.85 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 7.65 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.