ഒന്നര വയസുകാരിയുടെ സ്വകാര്യഭാഗത്ത് മാരക പരിക്ക്; പൊലീസും ശിശുക്ഷേമ സമിതിയും നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ
കോഴിക്കോട്: സ്വകാര്യഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ഈ മാസം 22നാണ് പന്നിയങ്കര സ്വദേശിയായ കുഞ്ഞിന്റെ മാതാവ് രാത്രിയോടെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ പിതാവ് മൈസൂരിലാണെന്നാണ് മാതാവ് പറയുന്നത്.
കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിന്റെ ഫലമായി ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ട്. തുടർന്ന് അടിയന്തരമായി ശസ്‌ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിലും പരിക്കുണ്ട്. കുഞ്ഞ് നിലവിൽ പീഡിയാട്രിക് ഐ സി യുവിലാണ് ചികിത്സയിലുള്ളത്.
സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാർ ആശുപത്രി അധികൃതരോട് വ്യക്തമാക്കിയത്. തുടർന്ന് ആശുപത്രിയിൽ നിന്നുതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് രണ്ടുതവണ റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ പരാതിപ്പെടുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ 72 മണിക്കൂറിനുള്ളിൽ കെമിക്കൽ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ടതുണ്ടെങ്കിലും പൊലീസ് ഇത് ചെയ്തില്ല. ശിശുക്ഷേമ സമിതിയിൽ വിവരം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്ങളും സമിതിയെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുത്തെന്നും കേസെടുക്കാൻ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം. മെഡിക്കൽ കോളേജ് അധികൃതരെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന വ്യക്തമായ വിവരങ്ങൾ അവിടെനിന്ന് അറിയിച്ചില്ലെന്നും പൊലീസ് പറയുന്നു.