2022ൽ മലയാളി കഴിച്ചത് 12,500 കോടിയുടെ മരുന്ന്

Monday 29 May 2023 12:00 AM IST

കൊച്ചി: ആരോഗ്യ പാലനത്തിൽ അമിതമായി ശ്രദ്ധിക്കുന്ന മലയാളികൾ 2022ൽ കഴിച്ചത് 12,500 കോടി രൂപയുടെ മരുന്ന് !. മുൻ വർഷം ഇത് 11,000 കോടിയായിരുന്നു.

ഇക്വിയ മാർക്കറ്റ് റിഫ്‌ളക്‌ഷൻ റിപ്പോർട്ട്, ഫാർമ വാക്‌സ് റിപ്പോർട്ട് എന്നിവ ഉദ്ധരിച്ച് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനാണ് (എ.കെ.സി.ഡി.എ)​ ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവുമധികം വില്പന വേദന സംഹാരികൾക്കും ഹൃദയ - ശ്വാസകോശ സംബന്ധമായ മരുന്നുകൾക്കും. വിറ്റാമിനുകളും ഗാസ്‌ട്രോ, ആന്റിഡയബറ്റിക് മരുന്നുകളും വൻതോതിൽ ചെലവാകുന്നു.

2022ൽ ഇന്ത്യൻ മരുന്ന് വിപണിയിലെ മൊത്തം വിറ്റുവരവ് 2,20,395 ലക്ഷം കോടിയായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാൾ എന്നിവ മരുന്ന് ഉപയോഗത്തിൽ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവ ജനസംഖ്യയിലും ഏറെ മുന്നിലാണ്.

കൊവിഡ് കാലത്ത് ആളുകൾ ആരോഗ്യം ശ്രദ്ധിച്ചതിനാൽ മരുന്ന് ഉപയോഗം 7,500കോടി ആയി കുറഞ്ഞിരുന്നു. ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളുടെ വില്പന അക്കാലത്ത് വൻതോതിൽ ഇടിഞ്ഞു.

99% പുറത്തു നിന്ന്

പതിനഞ്ചിലേറെ സ്വകാര്യ മരുന്ന് നിർമ്മാണ ശാലകൾ കേരളത്തിലുണ്ടെങ്കിലും 99 ശതമാനം മരുന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അഞ്ചു കോടി മുതൽ മുടക്കിൽ എ.കെ.സി.ഡി.എയുടെ നേതൃത്വത്തിൽ എറണാകുളം പുത്തൻകുരിശിൽ കൺസോർഷ്യം തലത്തിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ മരുന്ന് നിർമ്മാണ യൂണിറ്റ് - കൈനോ ഫാം ലിമിറ്റഡ് - ആരംഭിച്ചിട്ട് രണ്ടു വർഷമാകുന്നു. പാരസെറ്റമോൾ, ആന്റിസെപ്റ്റിക് ലോഷൻ, വിറ്റാമിനുകൾ, ആന്റിബയോട്ടിക്, ഹൃദ്‌രോഗ മരുന്നുകൾ തുടങ്ങി 30ലേറെ മരുന്നുകൾ കൈനോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നുണ്ട്.

കൊവിഡിനു ശേഷം മരുന്ന് വില്പന ഇത്രയും വർദ്ധിക്കുന്നത് ആദ്യമാണ്.


എ.എൻ. മോഹൻ,
സംസ്ഥാന പ്രസിഡന്റ്,
ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ

ആയുർദൈർഘ്യം കൂടുതലായത് മരുന്ന് വില്പന കൂടാൻ പ്രധാന കാരണമാണ്. കേരളീയർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതും ആശുപത്രികൾ ഏറെയുള്ളതും മറ്റ് കാരണങ്ങളാണ്.

ഡോ.ബി. ഇക്ബാൽ,
കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ

കേരളത്തിൽ രോഗങ്ങൾ ബാധിക്കുന്നവർ കൂടുന്നുണ്ട്. മരുന്ന് ഉപയോഗം കൂടാൻ ഇതും കാരണമാണ്
ഡോ. ശ്രീനിവാസ കമ്മത്ത്
സെക്രട്ടറി ഐ.എം.എ, കൊച്ചി