അഡ്വ.പി. ഹരിഹരൻ നിര്യാതനായി
പേരൂർക്കട: കേരളകൗമുദി ഫ്ലാഷ് മുൻ ബ്യൂറോ ചീഫും അഭിഭാഷകനുമായ പേരൂർക്കട കുടപ്പനക്കുന്ന് ദർശൻ നഗർ 161ൽ പി.ഹരിഹരൻ (66) നിര്യാതനായി. ആം ആദ്മി പാർട്ടി ജില്ലാ ജനറൽ കൺവീനറും സംസ്ഥാന മീഡിയ കോ ഓർഡിനേറ്ററുമായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. സഞ്ചയനം ഞായർ രാവിലെ 8.30ന്.
2020ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ കുടപ്പനക്കുന്ന് വാർഡിൽ ട്രിവാൻഡ്രം വികസന മുന്നണി (ടി.വി.എം) സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദർശൻ നഗർ റസിഡന്റസ് അസോസിയേഷൻ ഭാരവാഹിയും പ്രസിഡന്റുമായിരുന്നു. ദീർഘകാലം ഫ്ലാഷിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി പ്രവർത്തിച്ചു. ക്രൈം റിപ്പോർട്ടിംഗിൽ ഏറെ ശ്രദ്ധേയനായിരുന്നു. അന്വേഷണം അസ്തമിച്ച പല കേസുകളിലും തുടരന്വേഷണത്തിനും കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഹരിഹരന്റെ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെയായിരുന്നു. കേരളകൗമുദിയിൽ നിന്ന് വിരമിച്ചശേഷം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായി.
പരേതരായ പുഷ്കരൻ- ജഗദമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: ജിജു (അഭിഭാഷകൻ), ഷിജു (കൊച്ചിൻ ഷിപ്പ് യാർഡ്). മരുമക്കൾ: രജിത (ലേബർ വകുപ്പ്), സംഗീത (കൊച്ചിൻ ഷിപ്പ് യാർഡ്).