സ്കൂളുകളിൽ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഡയറ്റ് പദ്ധതി

Sunday 28 May 2023 11:18 PM IST

 അദ്ധ്യാപകർക്ക് 'തത്സമയ സഹായം"

കാസർകോട്: സർക്കാർ സ്കൂളുകളിൽ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക,​ വിദ്യാഭ്യാസനിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അദ്ധ്യാപകർക്ക് സഹായം നൽകാൻ പദ്ധതി തയ്യാറാക്കി സംസ്ഥാനത്തെ ഡയറ്റുകൾ. ഓണാവധി വരെയുള്ള പദ്ധതിയാണ് 14 ഡയറ്റുകളിലും 'തത്സമയ സഹായം"എന്നപേരിൽ ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്.

വേനലവധിക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വരെയുള്ള അദ്ധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഒന്ന് മുതൽ നാല് വരെ ക്ളാസുകളിൽ പഠിപ്പിക്കുന്നവർക്കായി പ്രത്യേക പദ്ധതിയും പരിശീലനത്തിൽ ഉൾപ്പെടുത്തി.

അദ്ധ്യാപകർ ക്ലാസ് മുറികളിൽ എത്രത്തോളം ഇത് പ്രാവർത്തികമാക്കും എന്നത് അപ്പപ്പോൾ ഡയറ്റ് ടീം വിലയിരുത്തും. ഇതിനായി സ്കൂളുകൾ സന്ദർശിക്കും. വീഴ്ചയുണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കും. എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അദ്ധ്യാപകർക്കും നാലു ദിവസമാണ് അവധിക്കാല പരിശീലനം നൽകിയത്. 2018നു ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് 6 ദിവസത്തെ റസിഡൻഷ്യൽ പരിശീലനവും നൽകിയിരുന്നു.

വായനയ്ക്കും പ്രധാന്യം

ഒന്ന്, രണ്ട് ക്ലാസുകളിൽ ആശയാവതരണ രീതിക്കും വായനയ്ക്കും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകിയത്. മൂന്നാം ക്ളാസിൽ ഗണിതം, നാലിൽ ഇംഗ്ലീഷ് വിഷയങ്ങളിൽ ആഴത്തിലുള്ള വിശകലനം ഉൾപ്പെടെ പരിശീലനം നൽകി. കൗമാര വിദ്യാഭ്യാസം, അക്കാഡമിക് മാസ്റ്റർ പ്ലാൻ, പോക്സോ നിയമങ്ങൾ എന്നിവയെക്കുറിച്ചും ക്ളാസുകളെടുത്തു.

അദ്ധ്യാപകർ ക്ലാസ് മുറികളിൽ ഫലപ്രദമായി ഇടപെടുന്നുണ്ടോ എന്ന പരിശോധനയാണ് ഈ അദ്ധ്യയന വർഷത്തെ പുതിയ പദ്ധതി. മുൻകാലങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകി പറഞ്ഞയയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്.

പി.പി. വേണുഗോപാലൻ,​

പ്രിൻസിപ്പൽ, ഡയറ്റ് പത്തനംതിട്ട