എട്ടാം ക്ലാസുകാർക്ക് 'ലിറ്റിൽ കൈറ്റ്സ് ' അംഗമാകാം #അപേക്ഷ ജൂൺ 8 വരെ

Sunday 28 May 2023 11:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്സ്" ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാദ്ധ്യാപകർക്ക് അപേക്ഷ നൽകണം.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന 30 മിനിട്ടുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷാർത്ഥികൾക്കായി ജൂൺ 3,4,5 തീയതികളിൽ രാവിലെ 6.30നും രാത്രി 8നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിലുണ്ടാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.inൽ ലഭ്യമാണ്.