അഴകേറും അ‌‌ർച്യൂറ 

Monday 29 May 2023 2:23 AM IST

കാറുകളിൽ അഴകിന്റെ അവസാനവാക്കെന്ന് വിശേഷിപ്പിക്കാവുന്ന അ‌ർച്യൂറ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇംഗ്ലീഷ് സൂപ്പർ കാർ നിർമ്മാതാക്കളായ മക്‌ലാരൻ. അഴകിനൊപ്പം കരുത്തും ഒരുമിക്കുന്ന ഈ ഹൈബ്രിഡ് സൂപ്പർകാർ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളുമായിട്ടാണ് വരുന്നത്. ഡിസൈനിലും പെർഫോമൻസിലും ഒരുപോലെ തിളങ്ങുന്ന മക്‌ലാരൻ അ‌ർച്യൂറയ്ക്ക് ഇന്ത്യൻ വിപണിയിൽ 5.1 കോടി രൂപയാണ് എക്സ് ഷോറൂം വില.

പി1, സ്പീഡ് ടെയിൽ എന്നീ ഹൈപ്പർകാറുകൾക്ക് ശേഷം മാർക്വിൽ നിന്നുള്ള മൂന്നാമത്തെ ഹൈബ്രിഡ് കാറാണ് മക്‌ലാരൻ അ‌ർച്യൂറ. മറ്റ് രണ്ട് ഹൈപ്പർകാറുകളിൽ നിന്ന് വ്യത്യസ്തമായ ഹൈബ്രിഡ് പവർട്രെയിനുമായി വരുന്ന വാഹനമാണ് അ‌ർച്യൂറ. സീരീസ് പ്രൊഡക്ഷൻ മക്‌ലാരൻ കാറുകളിൽ ആദ്യത്തെ ഹൈബ്രിഡ് വാഹനം കൂടിയാണ് അർടുറ. മറ്റ് ഹൈപ്പർകാറുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് വി6 ഇന്റേണൽ കമ്പസ്റ്റിൻ എഞ്ചിനാണ്.

മക്‌ലാരൻ അ‌ർച്യൂറയുടെ ഹൈബ്രിഡിൽ 3.0 ലിറ്റർ ട്വിൻ-ടർബോ വി6, സിംഗിൾ ഇലക്ട്രിക് മോട്ടോർ എന്നിവയാണുള്ളത്. പുതിയ 120-ഡിഗ്രി വി6 ട്വിൻ-ടർബോ മക്‌ലാരൻ എഞ്ചിൻ 577 ബിഎച്ച്പി പവറും 584 എൻഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാണ് ഇവൻ വരുന്നത്. എഞ്ചിനിൽ നിന്നുള്ള പവർ പിൻ വീലുകളിലേക്കാണ് നൽകുന്നത്. ഈ വാഹനത്തിന് 2.9 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. വെറും 8.3 സെക്കൻഡിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഈ ഹൈബ്രിഡ് സൂപ്പർകാറിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 330 കിലോമീറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൂപ്പർകാറുകളിൽ ഒന്നായി മക്‌ലാരൻ അ‌ർച്യൂറ മാറുന്നതും ഇത് തന്നെയാണ്.

വെറും 88 കിലോഗ്രാം ഭാരമുള്ള 7.4kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 31 കിലോമീറ്റർ റേഞ്ച് നൽകാൻ ഇതിന് സാധിക്കും. മക്‌ലാരൻ അ‌ർച്യൂറയിൽ റിവേഴ്‌സ് ഗിയറിനു പകരം മോട്ടോറാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ പിൻഭാഗത്ത് 380 എംഎം ഡിസ്കുകൾ ഉണ്ട്. അലൂമിനിയത്തിൽ നിന്ന് നിർമ്മിച്ച 4 പിസ്റ്റൺ കാലിപ്പറുകളും ഇതിലുണ്ട്. മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 20 ഇഞ്ചും വലിപ്പമുള്ള വീൽ സെറ്റപ്പാണ് മക്‌ലാരൻ അ‌ർച്യൂറയിലുള്ളത്.