അടുത്ത മാസമെത്തും ബിഎംഡബ്ല്യു Z4 M40i

Monday 29 May 2023 3:26 AM IST

ആഡംബര കാറുകളുടെ നിരതന്നെയാണ് വിപണിയിലേക്ക് എത്തുന്നത്. മക്‌ലാരൻ അർച്യൂറ പുതിയ മോഡൽ സൂപ്പർകാറുമായി എത്തുമ്പോൾ ജർമ്മൻ വാഹന ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പർകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ബിഎംഡബ്ല്യു Z4 M40i കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. അത്യാധുനിക സവിശേഷതകളും ആകർഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം 7 കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 2023 ജൂൺ മുതൽ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് മോഡലായി ഇത് എത്തും.

ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ബി‌എം‌ഡബ്ല്യു ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പാർക്കിംഗ് സഹായം, വ്യക്തിഗതമാക്കിയ പെയിന്റ് ഫ്രോസൺ ഗ്രേ ഓപ്ഷൻ എന്നിവ കാറിന് ഉണ്ട്. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ കാർ കൈവരിക്കും. 19 ഇഞ്ച് അലോയ് വീലുകൾ കാറിന് ആകർഷകമായ രൂപം നൽകുന്നു.

ബ്ലാക്ക് മിറർ ക്യാപ്‌സ്, സോഫ്റ്റ്‌ടോപ്പ് ആന്ത്രാസൈറ്റ്, അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകൾ, ഇന്റീരിയർ, എക്സ്റ്റീരിയർ മിറർ പാക്കേജുകൾ, എം സീറ്റ് ബെൽറ്റുകൾ, ഹർമൻ കാർഡൺ സറൗണ്ട് സിസ്റ്റം, കംഫർട്ട് ആക്‌സസ്, ഡ്രൈവിംഗ് അസിസ്റ്റന്റ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബിഎംഡബ്ല്യു കാറിനുള്ളത്. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു Z4 M40i യുടെ പ്രാരംഭ എക്‌സ് ഷോറൂം വില 89.30 ലക്ഷം രൂപയാണ് . ഒരു കിലോമീറ്റർ പരിധിയില്ലാതെ രണ്ട് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയോടെയാണ് വാഹനം എത്തുന്നത്.