അരിക്കൊമ്പനെ പിടികൂടാൻ അരിരാജയും

Sunday 28 May 2023 11:39 PM IST

കമ്പം (തേനി): ​രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിൽ അരിരാജയെന്ന് വിളിപ്പേരുള്ള കൊമ്പനടക്കം മൂന്ന് കുങ്കിയാനകളാണുള്ളത്. ആനമലയിലെ ആനസങ്കേതത്തിൽ നിന്ന് സ്വയംഭൂ എന്ന താപ്പാനയാണ് ആദ്യമെത്തിയത്. പിന്നീട് മുതുമലയിൽ നിന്ന് ഉദയൻ, അരിരാജയെന്ന മുത്തു എന്നീ കുങ്കിയാനകളുമെത്തി. ഇതിൽ മുത്തുവെന്ന അരിരാജയ്ക്ക് അരിക്കൊമ്പനുമായി ഏറെ സാമ്യമുണ്ട്.

അരി ഭക്ഷിച്ച് നടന്നിരുന്ന അരിരാജയെ വനംവകുപ്പ് പിടികൂടി താപ്പാനയാക്കിയതാണ്. വീടുകളും റേഷൻ കടകളും തകർത്ത് അരി മാത്രം കഴിക്കുന്ന ആനയ്ക്ക് നാട്ടുകാരാണ് 'അരി രാജ" എന്നു പേരിട്ടത്. വനം വകുപ്പ് പിടികൂടിയതോടെ മുത്തു എന്നു പേരു മാറ്റുകയായിരുന്നു. 2019 നവംബറിലാണ് ദിവസങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ കുങ്കിയാനകളുടെ സഹായത്തോടെ അരിരാജയെ പിടികൂടി കൂട്ടിലടച്ചത്. വനത്തിൽ നിന്നു പുറത്തിറങ്ങിയ അക്രമകാരിയായ കാട്ടാന നവമലയിലെ 7 വയസുകാരിയെയും അർദ്ധനാരിപാളയത്തിലെ 2 കർഷകരെയും കൊലപ്പെടുത്തിയിരുന്നു. ഒട്ടേറെ കൃഷിയും നശിപ്പിച്ചു.

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കാനുള്ള സംഘത്തിൽ അഞ്ച് പേരാണുള്ളത്. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ളമല വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റാനാണ് തീരുമാനം. ഉദ്യോഗസ്ഥരും കുങ്കിയാനകളും ഏതാനം ദിവസം കൂടി കമ്പത്ത് തുടരും.