കരച്ചിലും പിഴിച്ചിലുമില്ല അങ്കണവാടികളിൽ കാണാം കളിയും ചിരിയും

Monday 29 May 2023 12:19 AM IST

ചെറുവത്തൂർ: കരച്ചിലും പിഴിച്ചിലും ഒഴിവാക്കി അങ്കണവാടികളിൽ കളിയും ചിരിയും കാണാൻ ജനകീയ ഒരുക്കങ്ങൾ തകൃതി.

ഇത്തവണ അങ്കണവാടികളിൽ എത്തേണ്ടുന്ന കുട്ടികളുടെ വീടുകളിൽ കാലേക്കൂട്ടി ബന്ധപ്പെട്ടവർ സമ്മാനപ്പൊതികളും മറ്റുമായി എത്തിയതോടെ പിഞ്ചോമനകളുടെ മുഖങ്ങളിൽ തിളക്കം കൂടി. പുത്തൻ ഉടുപ്പും പുതുതായി വാങ്ങിയ ബാഗും കുടയും പാത്രങ്ങളുമായി അങ്കണവാടികളിൽ എത്താൻ കുട്ടികൾ നേരത്തെ തന്നെ റെഡിയായി. ഓരോ പ്രദേശങ്ങളിലും അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും ജനപ്രതിനിധികളും സ്ഥലത്തെ പൊതുപ്രവർത്തകരും കുട്ടികളുള്ള വീടുകളിൽ സമ്മാനപ്പൊതികളുമായി നേരത്തെ തന്നെ സന്ദർശനം നടത്തുകയാണ്. നാളെ അങ്കണവാടികളിൽ ചിരിക്കിലുക്കം എന്ന പേരിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ അറിയിപ്പുമായാണ് സമ്മാനപൊതിയുമായുള്ള ബന്ധപ്പെട്ടവരുടെ വീടുകയറ്റം.

വനിതാ ശിശുവികസന വകുപ്പ് ഇത്തവണ പ്രവേശനോത്സവത്തിന് ഒട്ടേറെ കൗതുകങ്ങൾ ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്ര പ്രചാരണവും തയ്യാറാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കാളികളായി. പ്രചാരണ വീഡിയോകളും വൈറലാണ്. ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും അങ്കണവാടി പ്രവേശനത്തിനും പ്രവർത്തനത്തിനും സഹായിക്കാൻ അങ്കണവാടി കൂട്ടം എന്ന പേരിൽ യോഗവും ചേരും. പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെയും അമ്മമാരുടെയും പുഞ്ചിരി ചിത്രം പകർത്തുവാൻ 'സെൽഫി കോർണർ' എല്ലാ അങ്കണവാടികളികൾക്ക് മുന്നിലും ഉണ്ടാകും. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ ഇവ തയാറാക്കും. ഫോട്ടോ ഫ്രെയിമിൽ 'അങ്കണവാടിയിലെ എന്റെ ആദ്യദിനം' മനോഹര വരികളുമുണ്ടാകും. അങ്കണവാടികളിൽ എത്തുന്നവർക്ക് പ്രവേശനോത്സവ ദിനത്തിലെ സുന്ദര കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്തി മത്സരത്തിനും അയച്ചാൽ സമ്മാനവും ലഭിക്കും.