സന്തോഷിച്ചോളൂ; വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തും, കുതിച്ചുപായുന്നത് 160 കിലോമീറ്റർ വേഗത്തിൽ

Monday 29 May 2023 12:15 PM IST

തിരുവനന്തപുരം: വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളിൽ ആദ്യത്തേത് അടുത്ത മാർച്ചിനകം സർവീസ് തുടങ്ങും. ഇതോടൊപ്പം മെട്രോ സർവീസും തുടങ്ങും.അടുത്ത വർഷം കേരളത്തിൽ ഇവ ഓടും. മെമുവിന് പകരമാണ് മെട്രോ. തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കായിരിക്കും സ്ലീപ്പർ സർവീസ്.

ഒരു ഫസ്റ്റ് ക്ലാസ്, നാല് സെക്കൻഡ് എ.സി, 11 തേഡ് എ.സി. കോച്ചുകളും പാൻട്രി കാറും ഉണ്ടാകും. രാജധാനിയിലെ എല്ലാ സംവിധാനവും ഉണ്ടാകും. 3,000 പേർക്ക് യാത്ര ചെയ്യാം. 160 കിലോമീറ്റർ വേഗത്തിലോടും.ഇത് ഭാവിയിൽ 200 കിലോമീറ്ററായി വർദ്ധിപ്പിക്കുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറൽ മാനേജർ ബി.ജി. മല്യ പറഞ്ഞു.

21 റൂട്ടുകളിൽ വന്ദേഭാരത് ഓടുന്നുണ്ട്. ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-കാത്ര റൂട്ടുകളിൽ മാത്രമാണ് 160 കിലോമീറ്റർ വേഗം. ചെന്നൈയിൽനിന്ന് റെനിഗുണ്ടയിലേക്കും ജോലാർപ്പേട്ടയിലേക്കും 130 കിലോമീറ്റർ വേഗത്തിൽ ഓടാവുന്ന രീതിയിൽ ട്രാക്കുകൾ ബലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ 110ൽ ഓടാം, താമസിയാതെ 130

സംസ്ഥാനത്ത് വന്ദേഭാരതിന്റെ ശരാശരി വേഗം 90 കിലോമീറ്ററാണ്. ഷൊർണൂർ- മംഗലാപുരം റൂട്ടിൽ 110 കി.മീ വേഗത്തിൽ ഓടിക്കാൻ കഴിയുന്ന വിധത്തിൽ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം- കൊല്ലം റൂട്ടിൽ 100-110 കി.മീ വേഗത്തിൽ ഓടിക്കാനും കഴിയും. ഈ വർഷം അവസാനത്തോടെ 130 കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 160 കി.മീ വേഗത്തിനുള്ള നിർമ്മാണ പ്രവൃത്തികളാണ് ട്രാക്കിൽ പുരോഗമിക്കുന്നത്.

കല്ലെറിഞ്ഞാൽ ക്യാമറ പിടിക്കും

കല്ലെറിയുന്ന സംഭവങ്ങൾ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കുറ്റവാളികളെ പിടികൂടുന്നതിനായി

വന്ദേഭാരതിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. ട്രാക്കിൽ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാൻ മുൻ ഭാഗത്തെ കോച്ചിൽ സംവിധാനം ഏർപ്പെടുത്തും.

Advertisement
Advertisement