സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തിയും അൽഫാമും കഴിച്ച ഇരുപത്തിരണ്ട് പേർ ചികിത്സയിൽ

Monday 29 May 2023 3:55 PM IST

കൽപ്പറ്റ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപത്തിരണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൽപ്പറ്റയിലെ മുസല്ല എന്ന ഹോട്ടലിൽ നിന്ന് അൽഫാമും കുഴിമന്തിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അസ്വസ്ഥതകളനുഭവപ്പെട്ടത്.

നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഇതോടെ ഹോട്ടൽ നഗരസഭ അടപ്പിച്ചു. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ പതിനഞ്ച് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വീട്ടിലെത്തിയതിന് പിന്നാലെ വയറിളക്കവും ഛർദിയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.