ഫൈനലിൽ ഒത്തുകളി?​ ടോസ് വീഴും മുൻപേ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടെന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞു, ഫലം കാത്ത് ആരാധകർ​

Monday 29 May 2023 7:09 PM IST

ഹൈദരാബാദ്: മഴ മൂലം ഇന്നലെ നിശ്ചയിച്ച ഐപിഎൽ ഫൈനൽ മുടങ്ങിയ നിരാശയിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ന് മത്സരത്തിന് അനുകൂലമായ കാലാവസ്ഥയാണെങ്കിലും കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലുണ്ടായ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നറിയാൻ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ മത്സരഫലത്തിനായി കാത്തിരിക്കുകയാണ് .

ഇന്നലെ ടോസിനായി നിശ്ചയിച്ചിരുന്ന സമയത്തിന് മുൻപ് തന്നെ സ്റ്റേഡിയത്തിലെ ബിഗ്സ്ക്രീനിൽ സ്ക്രീൻ ടെസ്റ്റിന്റെ ഭാഗമായി 'ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പ്' എന്ന് തെളിഞ്ഞിരുന്നു.ഇതോടെ മത്സരത്തിന് ടോസ് പോലും വീഴും മുൻപ് ചെന്നൈയെ റണ്ണേഴ്സ് അപ്പായി നിശ്ചയിച്ച് കഴിഞ്ഞോ എന്നായി ആരാധകരുടെ ചോദ്യം. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച പലരും ഒത്തുകളിയാണ് നടക്കുന്നതെന്ന ആരോപണവും ഉന്നയിച്ചു. മഴ മൂലം മത്സരം വൈകിയ നിരാശയിലിരുന്ന ഇരു ടീമിന്റെയും ആരാധകർ വിഷയം ഏറ്റെടുത്തതോടെ ചൂടുപിടിച്ച ചർച്ച തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ അരങ്ങേറി. മഴ മൂലം ഇന്നലെ നിശ്ചയിച്ച മത്സരം നടന്നില്ലെങ്കിലും സ്റ്റേഡിയത്തിലുണ്ടായ സംഭവത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ ഇന്നലെയുണ്ടായ സംഭവം മൂലം സിഎസ്കെ ഫൈനലിൽ പരാജയപ്പെട്ടാൽ അത് ഒത്തുകളി മൂലമാണെന്ന വാദം മുഴക്കരുതെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. അത് ക്രിക്കറ്റിന്റെ രീതിയ്ക്ക് ചേർന്നതല്ലെന്നായിരുന്നു അഭിപ്രായം. മത്സരശേഷം ഉടനടി തന്നെ പ്രദർശിപ്പിക്കാനായി ഇരു ടീമുകളും വിജയിച്ചതായും പരാജയപ്പെട്ടതുമായുള്ള രീതിയിൽ പ്രസന്റേഷൻ തയ്യാറാക്കിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇതിൽ സിഎസ്കെ പരാജയപ്പെട്ടതായുള്ളത് സ്കീൻ ടെസ്റ്റിന്റെ സമയത്ത് കാണിച്ചതാകാമെന്നും ഇവർ അറിയിക്കുന്നു.