കൈക്കൂലി വാങ്ങുന്ന ജീവനക്കാർ ഗതിപിടിക്കില്ല: മന്ത്രി
ചേർത്തല: കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാർ ഗതിപിടിക്കില്ലെന്നും പുഴുത്തുനാറി അവസാനം ആരും തിരിഞ്ഞുനോക്കാനില്ലാതെ തലമുറതന്നെ കണ്ണീരുകുടിക്കേണ്ടിവരുമെന്നും മന്ത്റി സജി ചെറിയാൻ. ചേർത്തല താലൂക്കുതല പരാതി പരിഹാര അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള ന്യായമായ ശമ്പളം സർക്കാർ നൽകുമ്പോഴാണ് ആർത്തി പൂണ്ട് ജീവനക്കാർ നക്കാപ്പിച്ച വാങ്ങുന്നത്. കൈക്കൂലിവാങ്ങിയവർ തിരികെ കൊടുക്കാൻ പോകേണ്ടതില്ല. പാപത്തിനു പരിഹാരമായി കൂടുതൽ ജോലിചെയ്ത് മറ്റുള്ളവർക്കു സഹായം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി,എം.എൽ.എമാരായ ദലീമ ജോജോ,പി.പി.ചിത്തരഞ്ജൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,കളക്ടർ ഹരിത.വി.കുമാർ,തഹസിൽദാർ മനോജ്കുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.