പിന്നെയും ചെന്നൈ കിരീടം, ഗുജറാത്ത് ടൈറ്റാൻസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർകിംഗ്സ് ഐപിഎൽ ചാമ്പ്യൻമാർ

Tuesday 30 May 2023 2:27 AM IST

സായ് സുദർശൻ (96),

വൃദ്ധിമാൻ സാഹ(54)

ശുഭ്മാൻ ഗിൽ (39

,ഹാർദിക് പാണ്ഡ്യ (21*)

ഗുജറാത്ത് ടൈറ്റാൻസ് 214/4

അഹമ്മദാബാദ് : മഴ വൈകിപ്പിച്ചെങ്കിലും ആവേശം അണുവിട ചോരാതിരുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റാൻസിനെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐ.പി.എൽ കിരീടം സ്വന്തമാക്കി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 214 റൺസടിച്ചത്. സായ് സുദർശൻ (96),വൃദ്ധിമാൻ സാഹ(54),ശുഭ്മാൻ ഗിൽ (39),ഹാർദിക് പാണ്ഡ്യ (21*) എന്നിവരുടെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരെ ഈ സ്കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ചെന്നൈ 3 പന്തുകളിൽ 4 റൺസെടുത്തപ്പോഴേക്കും കനത്ത മഴ പെയ്യുകയായിരുന്നു.തുടർന്ന് രാത്രി​ 12.10നാണ് മത്സരം പുനരാരംഭി​ക്കാൻ കഴി​ഞ്ഞത്. ഇതോടെ ചെന്നൈയുടെ വി​ജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയായിരുന്നു.ഇതാണ് രവീന്ദ്ര ജഡേജ അവസാന രണ്ടുപന്തുകളിൽ സിക്സും ഫോറുമടിച്ച് മറികടന്നത്.

നേരത്തേ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് സാഹയും ഗില്ലും ചേർന്ന് നൽകിയത്. സാഹയാണ് ആക്രമണത്തിന് മുന്നിട്ട് നിന്നത്. ആദ്യ ഏഴോവറിൽ 67 റൺസാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. ഇതുവരെ മൂന്ന് സെഞ്ച്വറികൾ നേടിയിരുന്ന ഗിൽ വീണ്ടുമൊരു സെഞ്ച്വറിയിലേക്ക് എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരുന്നവരെ ധോണിയു‌ടെ മിന്നൽ സ്റ്റംപിംഗ് നിരാശപ്പെ‌ടുത്തുകയായിരുന്നു. 20 പന്തുകളിൽ ഏഴു ഫോറടക്കം 39 റൺസ് നേടിയ ഗിൽ ദീപക് ചഹറിനെ ഇറങ്ങി അടിക്കാൻ ശ്രമിച്ചപ്പോഴാണ് ധോണി സ്റ്റംപ് ചെയ്തുവിട്ടത്.

തുടർന്നിറങ്ങിയ സായ് സുദർശനെ കൂട്ടുനിറുത്തി സാഹ ജ്വലിച്ചതോടെ ടൈറ്റാൻസിന്റെ സ്കോർ മുന്നോട്ടുതന്നെ കുതിച്ചു. അടുത്ത ഏഴോവറിൽ 64 റൺസ് കൂട്ടിച്ചേർത്തശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 39 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം അർദ്ധസെഞ്ച്വറി കടന്ന സാഹ 14-ാം ഓവറിൽ വിക്കറ്റിന് പിന്നിലേക്ക് ഉയർത്തിയടിച്ച് ധോണിക്ക് ഈസി ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ ഗുജറാത്ത് ടൈറ്റാൻസ് 131/2 എന്ന നിലയിലായി.

തുടർന്ന് സായ്‌യുടെ ഉൗഴമായിരുന്നു. ധോണിയുടെ ബൗളിംഗ് ചേഞ്ചുകളെയും ഫീൽഡിംഗ് തന്ത്രങ്ങളെയും അതിജീവിച്ച് മുന്നേറിയ സായ്‌യ്ക്ക് മറുവശത്തുനിന്ന് നായകൻ ഹാർദിക് പാണ്ഡ്യയുടെ മികച്ച പിന്തുണയും ലഭിച്ചു.ടീമിനെ 212ലെത്തിച്ചശേഷം അവസാന ഓവറിന്റെ മൂന്നാം പന്തിലാണ് സായ് മടങ്ങിയത്. 47 പന്തുകളിൽ എട്ടുഫോറും ആറുസിക്സും പായിച്ച സായ് സെഞ്ച്വറിക്ക് നാലുറൺസകലെ പതിരാണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. 12 പന്തുകളിൽ രണ്ട് സിക്സടക്കമാണ് ഹാർദിക് 21 റൺസുമായി പുറത്താകാതെ നിന്നത്. അവസാന പന്തിൽ റാഷിദ് ഖാൻ പുറത്തായി.

മഴ കഴിഞ്ഞ് മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആദ്യ നാലോവറിൽ റിതുരാജ് ഗെയ്ക്ക്വാദും ഡെവോൺ കോൺവേയ്‌യും ചേർന്ന് 50 റൺസ് നേ‌ടി. എന്നാൽ ഏഴാം ഓവറിൽ നൂർ അഹമ്മദ് റിതുരാജിനെയും (26) കോൺവേയെയും(47 ) പുറത്താക്കിയതോടെ ചെന്നൈ 78/2 എന്ന നിലയിലായി.തുടർന്ന് വീശിയടിച്ച രഹാനെയെ (27) 11-ാം ഓവറിൽ മോഹിത് ശർമ്മ പുറത്താക്കി. അവസാന മത്സരത്തിനിറങ്ങിയ അമ്പാട്ടി എട്ടുപന്തിൽ 19 റൺസടിച്ച് വിജയപ്രതീക്ഷ തിരിച്ചെത്തിച്ച് പുറത്തായി. തുടർന്ന് ധോണി കളത്തിലിറങ്ങി ആദ്യ പന്തിൽത്തന്നെ മില്ലർക്ക് ക്യാച്ച് നൽകി. ഇതോടെ ചെന്നൈ 149/5 എന്ന നിലയിലായി.അവസാന രണ്ടോവറിൽ 21 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിൽ 13 റൺസും.

Advertisement
Advertisement