അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേകം പരിശീലനം നേടിയ ആദിവാസി സംഘമെത്തി; ആന ഉൾവനത്തിലേക്ക് നീങ്ങുന്നു
കമ്പം: അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ നിന്ന് ഉൾവനത്തിലേക്ക് നീങ്ങുന്നതായി സൂചന. റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നലുകൾ പ്രകാരം ആന ഷണ്മുഖനാഥ ക്ഷേത്ര പരിസരം വിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന 'അരിക്കൊമ്പൻ ദൗത്യം' ഇനിയും നീളാനാണ് സാദ്ധ്യത.
അരിക്കൊമ്പൻ ഇപ്പോൾ തമിഴ്നാട് വനംവകുപ്പിന്റെ കനത്ത നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. കാട്ടിൽ നിന്നിറങ്ങിയാൽ ഉടൻ മയക്കുവെടിവയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനയെ പിടികൂടാൻ പ്രത്യേകം പരിശീലനം നേടിയ ആദിവാസി സംഘത്തെ എത്തിച്ചിട്ടുണ്ട്. വെറ്ററിനറി സർജനും ഇവർക്കൊപ്പമുണ്ട്.
അതേസമയം, അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു. അറുപത്തിയഞ്ചുകാരനായ ബൽ രാജാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടി നടക്കുകയും വാഹനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബൽ രാജിന് പരിക്കേറ്റത്.