കോർപ്പറേഷന്റെ ഉടക്ക് ; ഗോകുലത്തിന് കളിമുറ്റം ഇല്ലാതാകുന്നു

Tuesday 30 May 2023 10:20 PM IST

കോഴിക്കോട്: ഐ. ലീഗിൽ പന്തു തട്ടാൻ തുടങ്ങിയത് മുതൽ ഹോം ഗ്രൗണ്ടായിരുന്ന കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയം ഇനി ഗോകുലം കേരള എഫ്.സിക്ക് അനുവദിക്കില്ലെന്ന കോർപ്പറേഷൻ തീരുമാനം ഫുട്ബോൾ രംഗത്ത് വലിയ ചർച്ചയാവുകയാണ്. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഗോകുലം ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് കോർപ്പറേഷൻ കടുത്ത നടപടിക്കൊരുങ്ങുന്നത്. അതേസമയം സാമൂഹിക മാദ്ധ്യമങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ പോലും പ്രതികരണവുമായി രംഗത്തെത്തുകയും ഗോകുലത്തെ അവിടങ്ങളിലേക്ക് സ്വാഗതം ചെയ്യുകയുമാണ്.

ഗോകുലത്തിന്റ ഹോംഗ്രൗണ്ടായതോടെയാണ് ഏറെക്കാലത്തിന് ശേഷം ഇവിടെ ഐ ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങൾ എത്തിയത്. കേരളത്തിൽ നിന്നുള്ള ഏക ഐ. ലീഗ് ടീമിന് ഹോം സ്റ്റേഡിയം അനുവദിക്കാതിരിക്കുന്ന തീരുമാനം കായിക കേരളത്തിന് വലിയ തിരിച്ചടിയാണ്. ക്ലബുമായി ഏറെക്കാലം നീണ്ട ശീതസമരങ്ങൾക്കൊടുവിലാണ് സ്റ്റേഡിയം ഇനി ഗോകുലം കേരള എഫ്.സിയ്ക്ക് വിട്ടുകൊടുക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ 26ന് ചേർന്ന കൗൺസിൽ യോഗത്തിൽ കോർപ്പറേഷൻ എടുത്തത്. ഏപ്രിലിൽ നടന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങൾ ആര് നടത്തുമെന്നതിൽ തുടങ്ങിയ തർക്കമാണ് കടുത്ത തീരുമാനത്തിലേക്ക് കോർപ്പറേഷനെ എത്തിച്ചത്.

@ കോർപ്പറേഷന്റെ വാദം

ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ ഹോം മത്സരങ്ങൾ നടത്തുന്നതിനായി നടത്തുന്നതിന് കോർപ്പറേഷന്റെ ഇ.എം.എസ് സ്റ്റേഡിയം ക്ലബിന് 2018 ആഗസ്റ്റ് മൂന്നിനാണ് ഒരുവർഷത്തേക്ക് അനുവദിച്ചത് . തുടർന്ന് ഓരോ വർഷത്തേക്ക് കരാർ കാലാവധി പുതുക്കി അനുവദിക്കുകയായിരുന്നു. നിലവിൽ ആഗസ്റ്റ് രണ്ട് വരെ കാലാവധിയുള്ളത്.

ഗ്രാസ് ബെഡ്ഡ്, ഗ്യാലറി, സീറ്റിംഗ്, ഫ്ളഡ് ലൈറ്റ് മുതലായ സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കണമെന്ന നിബന്ധനയോടെയാണ് ക്ലബിന് ഗ്രൗണ്ട് അനുവദിച്ചതെങ്കിലും ഇവ കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗോകുലം ക്ലബുമായുള്ള കരാർ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്.

@ ഗോകുലത്തിന്റെ വാദം

കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് ഗോകുലം ഇവിടെ നടത്തിയത്. കെ.എഫ്.എ, കെ.ഡി.എഫ്.എ, കോർപ്പറേഷൻ, വിവിധ സർക്കാർ ഏജൻസികൾ അവരുടെ ആവശ്യങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിച്ചിരുന്നു.

കോഴിക്കോട് കോർപ്പറേഷന്റെ അംഗീകാരത്തോടെ കഴിഞ്ഞ സീസണിൽ ഇവിടെ ഇരുന്നൂറോളം മത്സരങ്ങൾ നടന്നു. കേരള സന്തോഷ് ട്രോഫി ക്യാമ്പ്, കെ.പി.എൽ, കെ.ഡബ്ല്യു.എൽ, സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ, കെ.ഡി.എഫ്.എ. ജൂനിയർ മത്സരങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ കായികമേളകൾ എന്നിവ നടന്നു. മറ്റു ചില ടീമുകളാണ് ഗ്രൗണ്ട് ദിവസവും ഉപയോഗിച്ചിരുന്നത്. പുല്ല് വളരാനും പരിപാലിക്കാനും വിശ്രമ കാലയളവ് ഉണ്ടായിരിക്കണം.

സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് സംവിധാനം ഏറെ പഴക്കം ചെന്നതാണ്. തകരാറുള്ള ഒരു സംവിധാനമാണ് കോർപ്പറേഷൻ കൈമാറിയത്. എന്നിട്ട് അത് നന്നാക്കാൻ ആവശ്യപ്പെടുകകയാണുണ്ടായത്. ഐ ലീഗ് മത്സരങ്ങൾ നടന്നപ്പോഴെല്ലാം അധിക ലൈറ്റുകൾ ഉപയോഗിച്ചിരുന്നു. സ്റ്റേഡിയം കെട്ടിടം ശോച്യാവസ്ഥയിലാണ്. സ്റ്റേഡിയം നിർമ്മിക്കുമ്പോൾ സംഭവിച്ച എല്ലാ ഘടനാപരമായ വൈകല്യങ്ങളും കോർപ്പറേഷൻ ഗോകുലത്തിന് മേൽ ആരോപിക്കുകയാണ്. ഒരു കോടിയോളം രൂപയാണ് സ്റ്റേഡിയത്തിനായി ക്ലബ് ചെലവഴിച്ചത്.

@ ഗോകുലം കേരള ഫുട്ബോളിന് അഭിമാനം

2017ൽ രൂപീകരിച്ച മലബാറിയൻസ് എന്ന പേരിൽ അറിയപ്പെടുന്ന ഗോകുലം കേരള എഫ്‌.സി രണ്ട് ഐ ലീഗ് കിരീടങ്ങളും മൂന്ന് വനിതാ കിരീടങ്ങളും ഡ്യൂറന്റ് കപ്പും നേടിയിട്ടുണ്ട്. ഇത്തവണ വനിത ലീഗ് കിരീടം നേടിയ ഗോകുലം ഐ. ലീഗിൽ മൂന്നാമതാണ്. ഏഷ്യയിലെ പുരുഷ-വനിത വിഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനിടയിൽ ഗോകുലത്തിലൂടെ കേരളത്തിൽ നിന്ന് നിരവധി താരങ്ങൾ ഐ. ലീഗിലും എ.എഫ്‌.സിയിലും ബൂട്ടുകെട്ടി. പലർക്കും ഐ.എസ്.എൽ ടീമുകളിൽ അവസരം ലഭിച്ചു.

@ ഞെട്ടിച്ച തീരുമാനം: ഗോകുലം

കോർപ്പറേഷന്റെ തീരുമാനം ഞെട്ടിച്ചെന്ന് ഗോകുലം ക്ലബ് ഉടമ വി.സി. പ്രവീൺ അറിയിച്ചു. മലബാറിൽ നിന്നുള്ള താരങ്ങൾ നിറഞ്ഞ രാജ്യത്ത് ടീം മികച്ച നേട്ടം കൊയ്യുന്നതിൽ കോർപ്പറേഷൻ അഭിമാനിക്കുന്നില്ലേ?. മറ്റ് സംസ്ഥാനങ്ങൾ അവിടുത്തെ ക്ലബുകൾക്ക് വലിയ സപ്പോർട്ടാണ് നൽകുന്നത്.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. ഒരു ഫുട്‌ബോൾ ക്ലബും ലാഭം കൊയ്യുന്നില്ല, സർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ കേരള ഫുട്‌ബോളിന്റെ ഭാവി ഇരുണ്ടതായി തോന്നുന്നു. പിന്തുണയ്ക്കുന്നതിനുപകരം ക്ലബിന്റെ വളർച്ച തടയാനാണ് അവർ ആഗ്രഹിക്കുന്നത്.

Advertisement
Advertisement