തല മാറുന്നില്ല

Wednesday 31 May 2023 2:54 AM IST

അഹമ്മദാബാദ് : പാതിരാവും കഴിഞ്ഞ് നീണ്ട ഫൈനലിനൊടുവിൽ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ചാം കിരീടമുയർത്തിയപ്പോഴും ആരാധകർ കാത്തിരുന്നത് ചെന്നൈയുടെ 'തല' മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു. ഒടുവിൽ സമ്മാനത്തുക ഏറ്റുവാങ്ങിയ ശേഷം ചടങ്ങിന്റെ അവതാരകൻ ഹർഷ ഭോഗ്‌ലയുമായുള്ള ഹ്രസ്വ അഭിമുഖത്തിൽ ധോണി ആ മറുപടി അറിയിച്ചപ്പോൾ പുലർച്ചെ മൂന്നുമണിക്കും ഗാലറിയിൽ ആർപ്പുവിളികൾ അലയ‌ടിച്ചുയർന്നു. ഒരു ഐ.പി.എൽ സീസൺ കൂടി കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആരോഗ്യം അതിന് അനുവദിക്കുമെങ്കിൽ ആരാധകർക്ക് വേണ്ടി കളത്തിലുണ്ടാകുമെന്നുമാണ് ധോണി പറഞ്ഞത്.

തനിക്ക് വിരമിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴെന്ന് പറഞ്ഞാണ് ധോണി തുടങ്ങിയത്. എന്നാൽ 2008ൽ ഐ.പി.എൽ തുടങ്ങിയതുമുതൽ തനിക്ക് തലയെന്ന പേരുനൽകി ഹൃദയത്തോട് ചേർത്തുനിറുത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകരുടെ സ്നേഹത്തിന് മുന്നിൽ താൻ ആ അവസരം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ധോണി പറഞ്ഞു. അതേസമയം തന്റെ ആഗ്രഹം പൂർത്തിയാക്കാൻ ആരോഗ്യം അനുവദിക്കുമോ എന്ന് ഉറപ്പില്ലെന്നും ധോണി കൂട്ടിച്ചേർത്തു. അടുത്ത ഐ.പി.എൽ താരലേലത്തിന് ഇനി എട്ടൊമ്പത് മാസമുണ്ട്. അപ്പോഴത്തെ ആരോഗ്യനില പരിഗണിച്ച് തീരുമാനമെ‌ടുക്കാനാണ് 41കാരനായ ധോണിയുടെ തീരുമാനം.

Advertisement
Advertisement