മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
ചെങ്ങന്നൂർ : കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് റിങ്ങുകൾക്കിടയിൽ കാൽകുടുങ്ങിയ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചുവീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടുകുളഞ്ഞി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതരയോടെയാണ് അപകടം.
ആൾതാമസമില്ലാത്ത വീടിന്റെ ഉടമ കൊല്ലംപറമ്പിൽ പ്രസാദ് വിദേശത്താണ്. പ്രസാദ് നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി വീടും പരിസരവും കിണറും വൃത്തിയാക്കാനാണ് യോഹന്നാനെയും താനോത്തറ ജോണി (60)യെയും ചുമതലപ്പെടുത്തിയത്. കിണിറിന് 12 റിങ്ങുകളുണ്ട്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിന് മുന്നോടിയായി കിണറ്റിലിറങ്ങിയ യോഹന്നാൻ കാട് നീക്കുമ്പോൾ റിങ്ങുകൾ ഇളകി താഴുകയായിരുന്നു. രണ്ട് റിങ്ങുകൾക്കിടയിൽ ഇയാളുടെ കാൽ കുടുങ്ങി.സമീപവാസികളുടെ രക്ഷാ ശ്രമങ്ങൾ മണ്ണിടിഞ്ഞതിനാൽ വിഫലമായി. ചെങ്ങന്നൂർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഒൻപതരയോടെ ഇവരെത്തി ജെ.സി.ബി ഉപയോഗിച്ച് റിങ്ങുകൾ ഉയർത്തി യോഹന്നാനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണ് വീണ്ടും ഇടിയാൻ തുടങ്ങി. മാവേലിക്കരയിൽ നിന്നും ഹരിപ്പാട്ട് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയെങ്കിലും കിണറ്റിലിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. ഉച്ചയോടെ കിണറിന് ചുറ്റം ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് കുഴിയെടുക്കാൻ തുടങ്ങി. രാത്രി എട്ടരയോടെ യോഹന്നാന് സമീപം വരെ കുഴിയെടുത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴുത്തറ്റം വെള്ളത്തിൽ
റിങ്ങുകൾക്കിടയിൽ കാൽ കുടുങ്ങി കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു യോഹന്നാൻ. സംസാരിക്കുകയും ഫയർഫോഴ്സ് എത്തിച്ച ആഹാരം കഴിക്കുകയും ചെയ്തെങ്കിലും മഴ നനഞ്ഞും തണുപ്പേറ്റും കാലിലെ പരിക്കും മൂലം രാത്രിയോടെ തീർത്തും അവശനായി. മെഡിക്കൽ സംഘവും റവന്യൂ സംഘവും വെണ്മണി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മന്ത്രി സജി ചെറിയാനും സ്ഥലത്ത് എത്തിയിരുന്നു.