ഡിവൈ.എസ്.പിയുടെ ഭാര്യക്കെതിരെ വീണ്ടും പരാതികൾ
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ കോഴിക്കോട് സ്വദേശിനി ചെറുവത്തേരി നുസ്രത്തിനെതിരെ (36) കൂടുതൽ പരാതികൾ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ പരാതികളിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലിയുമുൾപ്പെടെ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതിന് നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളുണ്ട്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു 2.35 ലക്ഷം രൂപ തട്ടിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് തിങ്കളാഴ്ച നുസ്രത്തിനെ പിടികൂടിയത്. പണം തിരികെ നൽകി ഈ കേസ് ഒത്തുതീർപ്പാക്കി. ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബു മഞ്ചേരി കോടതിയിലെത്തി പണമടച്ചതോടെ നുസ്രത്തിന് ജാമ്യം ലഭിച്ചു.
ഒരുവർഷത്തിനിടെ അരക്കോടിയോളം രൂപയുടെ പണവും സ്വർണവും പലരിൽ നിന്നായി തട്ടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിന്റെ പലയിരട്ടി പണം തട്ടിയിട്ടുണ്ടെന്ന് ഇരകൾ പറയുന്നു. ചെന്നൈ കോടതിയുടെ പരിഗണനയിലുള്ള ഭൂമി കേസിൽ അനുകൂല ഉത്തരവ് വാഗ്ദാനം ചെയ്തു ഒരാളിൽ നിന്ന് മാത്രം 36 ലക്ഷം രൂപ തട്ടിയിട്ടുണ്ട്. കുടുംബ പ്രശ്നം തീർക്കാമെന്ന് വാഗ്ദാനമേകി തിരൂർ സ്റ്റേഷനിലെ പൊലീസുകാരനിൽ നിന്നടക്കം പണം തട്ടിയതായും ഇരകൾ പറയുന്നു.