ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമെന്ന് ആർ.ബി.ഐ.

Wednesday 31 May 2023 2:31 AM IST

ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ വളർച്ചാ വേഗത തുടരുന്നുവെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2022-23ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ആർ.ബി.ഐ വ്യക്തമാക്കിയത്. നാണയപ്പെരുപ്പം, വളർച്ചാ മാന്ദ്യം, ആക്രമണാത്മക പലിശനിരക്ക് വർധന, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങൾ തുടങ്ങിയ രൂപത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെ നേരിടുമ്പോഴും ഇന്ത്യയുടെ വളർച്ച ശക്തമായി തുടരുന്നു എന്ന് ആർ.ബി.ഐ വ്യക്തമാക്കി.

വളർച്ചയുടെ ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യ മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരത നേടിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 12 ശതമാനത്തിലധികം ആഗോള വളർച്ചയ്ക്ക് സംഭാവന നൽകിയ ഇന്ത്യ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തുടരുന്നുവെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.

പുതിയ പെയ്മെന്റ് സിസ്റ്റം

കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം (എൽ.പി.എസ്.എസ്) റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ആവിഷ്‌കരിക്കുന്നു. പരമ്പരാഗത സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ആർ.ടി.ജി.എസ്, നെഫ്റ്റ്, യു.പി.ഐ പേയ്‌മെന്റ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ സംവിധാനം. പ്രകൃതിദുരന്തങ്ങളും യുദ്ധവും ഉണ്ടായാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നത്.

2023 സാമ്പത്തികവർഷത്തിലെ ആർ.ബി.ഐ വാർഷിക റിപ്പോർട്ടിൽ ഈ പേയ്മന്റ് സംവിധാനത്തെക്കുറിച്ച് പരാമർശമുണ്ട്. ലളിതമായി, പെയ്മന്റുകൾ നടത്തുന്ന ഇവ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താം.

Advertisement
Advertisement