വൻ സ്ഫോടകവസ്തു ശേഖരവുമായി യുവാവ് പിടിയിൽ

Wednesday 31 May 2023 1:38 AM IST

പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കാസർകോട്: കാറിൽ കടത്തിയ സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പൊവ്വൽ കെട്ടുങ്കൽ സ്വദേശി മുഹമ്മദ് മുസ്തഫ (42)യാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കാസർകോട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി.എ ശങ്കറും സംഘവും ചെർക്കള കോലാച്ചിയടുക്കത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഡസ്റ്റർ കാറിൽ കടത്തുകയായിരുന്ന സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത്.

തുടർന്ന് എക്സൈസ് കാസർകോട് ഡിവൈ.എസ്.പി പി.കെ സുധാകരൻ, ആദൂർ സി.ഐ എ. അനിൽകുമാർ എന്നിവരെ വിവരം അറിയിച്ച് പ്രതിയെയും സ്‌ഫോടക വസ്തുക്കളും പൊലീസിന് കൈമാറി.

2800 ജെലാറ്റിൻ സ്റ്റിക്കുകൾ, 6000 ഡിറ്റണേറ്റർ, 500 സ്‌പെഷ്യൽ ഓർഡിനറി ഡിറ്റണേറ്റർ,​ വയറുകൾ,​ ഡയനാമോ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇവിടെ വച്ച് പ്രതി മുസ്തഫ ബ്ളേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഇയാളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പൊലീസ് കാവലിൽ ചികിത്സയിലാണ്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌ഫോടക വസ്തുക്കൾ പിടികൂടിയ എക്‌സൈസ് സംഘത്തിൽ ഇൻസ്‌പെക്ടർ പി.ജി രാധാകൃഷ്ണൻ,​ പ്രിവന്റീവ് ഓഫീസർമാരായ കെ. സുരേഷ്ബാബു, കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി. അജീഷ്, വി. മഞ്ചുനാഥൻ, കെ. സതീശൻ, എം. ഹമീദ്, എക്‌സൈസ് ഡ്രൈവർമാരായ പി.വി ദിജിത്ത്, പി.എ ക്രിസ്റ്റിൻ എന്നിവരും പൊലീസ് സംഘത്തിൽ എസ്.ഐ ബാലു പി. നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അശോകൻ, സിവിൽ പൊലീസ് ഓഫീസർമാരായ നിഷാന്ത്, സുരേഷ്, ഡ്രൈവർ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.