ലക്ഷാർച്ചനയുടെ ധന്യതയിൽ ശബരിമലയിൽ പ്രതിഷ്ഠാദിനം

Wednesday 31 May 2023 1:51 AM IST

ശബരിമല: ലക്ഷാർച്ചനയുടെ ധന്യതയിൽ ശബരിമലയിൽ ഇന്നലെ നടന്ന പ്രതിഷ്ഠാദിന പൂജകൾ ഭക്തിസാന്ദ്രമായി. ചടങ്ങുകൾ ദർശിക്കാൻ നിരവധി തീർത്ഥാടകരാണ് എത്തിയത്. പുലർച്ചെ 4.30ന് ദേവനെ പളളിയുണർത്തി. 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി. ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം നടത്തി. അയ്യപ്പവിഗ്രഹത്തിൽ നെയ്യഭിഷേകത്തിനും അഷ്ടാഭിഷേകത്തിനും ശേഷം ഉഷഃപൂജയും ഉദയാസ്തമയപൂജയും 25 കലശവും നടന്നു. ഭസ്മാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടച്ചു. വൈകിട്ട് 5ന് നടതുറന്ന് ദീപാരാധനയ്ക്ക് ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ധ്യാനനിദ്രയിലാക്കി. തുടർന്ന് ഹരിവരാസനം പാടി മേൽശാന്തിയും പരികർമ്മികളും ഒാരോ വിളക്കുകൾ അണച്ച് പിന്നോട്ടിറങ്ങി നടയടച്ചു. മിഥുനമാസ പൂജകൾക്കായി ജൂൺ 15ന് നടതുറക്കും.