സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ കനക്കും; യെല്ലോ അലർട്ട്, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Wednesday 31 May 2023 7:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴക്കാല തയ്യാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി നിർദേശിച്ചു. ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലായ്, ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലെ ആദ്യ ആഴ്‌ചയിൽ നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്‌ടർമാരുടെയോ നേതൃത്വത്തിൽ യോഗം ചേരണം. ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.

Advertisement
Advertisement