അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ? സാബു എം ജേക്കബിന്റേത് തെറ്റായ വാദങ്ങളെന്ന് ഹൈക്കോടതി

Wednesday 31 May 2023 12:04 PM IST

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഹർജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും കോടതി പറഞ്ഞു.

സാബു എം ജേക്കബിന്റേത് തെറ്റായ വാദങ്ങളാണെന്നും കോടതി വിമർശിച്ചു. തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ ഉപദ്രവിച്ചെന്നോ, ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.


പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യമുണ്ടാകണമെന്ന് പറഞ്ഞ കോടതി, ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയിട്ടുണ്ടോയെന്നും സാബു ജേക്കബിനോട് ചോദിച്ചു. സാബു ജേക്കബ് ഒരു പാർട്ടിയുടെ നേതാവാണ്. അതിനാൽത്തന്നെ ആ ഉത്തരവാദിത്തത്തോടെ പെരുമാറണം. കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയ്ക്ക് തമിഴ്നാട്ടിൽ എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

Advertisement
Advertisement