ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആർ. ശൈലജ വിരമിച്ചു

Thursday 01 June 2023 12:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആർ. ശൈലജ സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ. 1997ൽ ഫിംഗർപ്രിന്റ് സെർച്ചറായി സർവീസിൽ പ്രവേശിച്ച ശൈലജ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗർപ്രിന്റ് ബ്യൂറോകളിൽ പ്രവർത്തിച്ചു. നിരവധി കേസുകളിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തി.

പൊലീസ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച ഔദ്യോഗിക യാത്രഅയപ്പ് ചടങ്ങിൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ. പത്മകുമാർ കെ.ആർ. ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായൺ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർ വി. നിഗാർ ബാബു എന്നിവർ പങ്കെടുത്തു.

കോട്ടയത്ത് ഒഡിഷ സ്വദേശികൾ കൊല്ലപ്പെട്ട കേസന്വേഷണത്തിൽ ശൈലജ കണ്ടെത്തിയ വിരലടയാളം പ്രധാനതെളിവായി സ്വീകരിച്ച് അസാം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.