തായ്‌ലാൻഡ് ഓപ്പണിൽ മലയാളി കിരണം

Wednesday 31 May 2023 10:40 PM IST

ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് ഷി യുക്വിയെ അട്ടിമറിച്ച് മലയാളി താരം കിരൺ ജോർജ്

ബാങ്കോക്ക്: തായ്‌ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അട്ടിമറി വിജയം നേടി മലയാളി യുവതാരം കിരൺ ജോർജ് . ലോക ഒമ്പതാം നമ്പർ താരവും നിലവിലെ ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്വിയെയാണ് കിരൺ അട്ടിമറിച്ചത്.

ആദ്യ റൗണ്ടിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് കിരൺ വിജയം നേടിയത്. സ്‌കോർ: 21-18, 22-20. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിമിൽ 6-11 ന് പിന്നിൽ നിന്ന കിരൺ പിന്നീട് കുതിച്ചുകയറി ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ 6-0 ന് കിരൺ ലീഡെടുത്തെങ്കിലും ശക്തമായ തിരിച്ചുവന്ന യുക്വി സമനിലയിലെത്തിച്ചു. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 15-15 എന്ന നിലയിൽ ഒപ്പം നിന്ന യുക്വിയെ അവസാനം കിരൺ അട്ടിമറിച്ചു. അടുത്ത റൗണ്ടിൽ ചൈനയുടെ തന്നെ വെങ് ഹോംഗ് യാംഗാണ് കിരണിന്റെ എതിരാളി.

പ്രകാശ് പദുകോൺ അക്കാഡമിയിൽ പരിശീലനം നടത്തുന്ന 23കാരനായ കിരൺ കൊച്ചി സ്വദേശിയാണ്. 2020 ലെ തോമസ് കപ്പിലും 2022ലെ ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.

പുരുഷ സിംഗിൾസിലെ മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു. സായ് പ്രണീത്, സമീർ വർമ, ലക്ഷ്യ സെൻ എന്നിവരും ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.

വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. കാനഡയുടെ എം ലിയാണ് സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോർ: 8-21, 21-18, 18-21.

എന്നാൽ ഇന്ത്യയുടെ മറ്റൊരു ഒളിമ്പിക് മെഡൽ ജേതാവായ സൈന നെഹ്‌വാൾ കാനഡയുടെ വെൻ യു ഷാംഗിനെ പരാജയപ്പെടുത്തി രണ്ടാം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോർ: 21-13, 21-7. മറ്റൊരു ഇന്ത്യൻ താരമായ അഷ്മിത ചാലിയയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്നെ മാളവിക ബൻസോദിനെ കീഴടക്കിയാണ് അഷ്മിക പ്രീ ക്വാർട്ടറിലെത്തിയത്. സ്‌കോർ: 17-21, 14-21.

Advertisement
Advertisement