ക്യാമറ: പിഴ 5 മുതൽ തന്നെ, നെറ്റ്‌വർക്ക് തകരാർ മാത്രമെന്ന്

Thursday 01 June 2023 12:00 AM IST

തിരുവനന്തപുരം: തകരാർ കണ്ടെത്തിയെങ്കിലും,​ എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി കണ്ടെത്തിയ തകരാർ വഴി ശരിയാക്കുമത്രെ. ക്യാമറകളുടെ നിർമ്മാണത്തിൽ പ്രശ്നങ്ങളില്ലെന്നും നെറ്റ്‌വർക്ക് തകരാറേ ഉള്ളൂവെന്നും സർക്കാർ പറയുന്നു.

അതേസമയം,​ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ സാങ്കേതിക കമ്മിറ്റി യോഗം ചേർന്നെങ്കിലും ക്യാമറ പ്രവർത്തനത്തിന് ക്ലീൻ റിപ്പോർട്ട് തയ്യാറാക്കിയില്ല. ശനിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം.

ക്യാമറ നടത്തിപ്പിൽ കെൽട്രോണുമായുള്ള വ്യവസ്ഥകൾക്കും അന്തിമരൂപമായിട്ടില്ല. കേടാകുന്ന ക്യാമറ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്നവയ്ക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർ വാഹനവകുപ്പ് സഹായിക്കും. നഷ്ടപരിഹാരം നൽകിയാലേ വാഹനം വിട്ടുകൊടുക്കൂ. ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്.

ജൂൺ അഞ്ചു മുതൽ പിഴ ചുമത്തും. നിയമം പാലിക്കുന്നവർ ക്യാമറയെ പേടിക്കേണ്ടതില്ല

ആന്റണി രാജു,​

ഗതാഗത മന്ത്രി