ബാങ്ക് വായ്പാ തട്ടിപ്പ്: ആത്മഹത്യചെയ്ത കർഷകന്റെ മൃതദേഹവുമായി പ്രതിഷേധം

Wednesday 31 May 2023 10:44 PM IST

പുൽപ്പളളി: .പുൽപ്പളളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പുൽപ്പളളി കേളക്കവല ചെമ്പകമൂല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ(60) മൃതദേഹവുമായി ജനകീയ സമര സമിതി പ്രതിഷേധിച്ചു. സമര സമിതി പ്രവർത്തകരും വീട്ടുകാരും പുൽപ്പള്ളി താഴെ അങ്ങാടിയിൽ നിന്ന് വിലാപ യാത്രയായി ബാങ്കിന് മുമ്പിലെത്തുകയായിരുന്നു.

തുടർന്ന് മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ അബ്രഹാമിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള നീക്കം ടൗണിനടുത്ത് വച്ച് പൊലീസ് തടഞ്ഞു. ഇതോടെ മൃതദേഹവുമായി വീണ്ടും സമര സമിതി പ്രവർത്തകർ ബാങ്കിനു മുന്നിൽ തിരിച്ചെത്തി. എന്നാൽ ആംബുലൻസിൽ നിന്ന് മൃതദദേഹം പുറത്തിറക്കാൻ പൊലീസ് അനുവദിച്ചില്ല. ഇതേച്ചൊല്ലി ഏറെനേരം വാക്ക്തർക്കമുണ്ടായി. സുൽത്താൻ ബത്തേരി തഹസിൽദാർ ഷാജി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. രാജേന്ദ്രന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഉറപ്പു നൽകി. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. ബി.ജെ.പി, ആം ആദ്മി പാർട്ടി, കേരള കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികളും പ്രതിഷേധിച്ചു.

ബാങ്ക് മുൻ പ്രസിഡന്റും

സെക്രട്ടറിയും കസ്റ്റഡിയിൽ

രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും,കെ.പി.സി.സി

സെക്രട്ടറിയുമായ കെ.കെ അബ്രഹാമിനെയും മുൻ സെക്രട്ടറി കെ. രമാദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടന്ന 2016 കാലയളവിലെ ബാങ്ക് പ്രസിഡന്റായിരുന്നു അബ്രഹാം.

രാജേന്ദ്രൻ നായർ 25 ലക്ഷം രൂപ വായ്പയെടുത്തെന്നും, നിലവിൽ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നുമാണ് ബാങ്കിന്റെ രേഖകളിലുള്ളത്. എന്നാൽ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരിൽ ബിനാമികളായി നിന്നവർ തട്ടിയെടുത്തെന്നും അദ്ദേഹം മുമ്പ് പരാതി നൽകിയിരുന്നു.വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ്.പറഞ്ഞു.