റഗു. കമ്മിഷൻ നോക്കുകുത്തിയായി , വൈദ്യുതി യൂണിറ്റിന് 19 പൈസ കൂട്ടി

Thursday 01 June 2023 4:12 AM IST

 മന്ത്രി പറഞ്ഞതിനും പുല്ലുവില

തിരുവനന്തപുരം: വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ ഇന്നലെ രാത്രി കൂട്ടി കെ.എസ്.ഇ.ബി ഇരുട്ടടി. ഇന്നു മുതൽ നിലവിൽ വരും. ഇന്ധന സർചാർജ്ജാണിത്. സർചാർജായ നിലവിലെ 9 പൈസ ആറ് മാസം കൂടി തുടർന്നാൽ മതിയെന്ന് ഇന്നലെ പകൽ റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതു തള്ളിയാണ് രായ്ക്കുരാമാനം ഉത്തരവിറക്കിയത്.

പുതിയ നിയമപ്രകാരം അതത് മാസത്തെ നഷ്ടം നികത്താൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ പത്തുപൈസ വരെ യൂണിറ്റിന് സർചാർജ്ജ് ഈടാക്കാം. ഇതും കൂട്ടിച്ചേർത്താണ് 19 പൈസ അധികം പിരിക്കുന്നത്. ജൂലായ് മുതൽ വൈദ്യുതി നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് ഈ മാസം വരാനിരിക്കുകയുമാണ്.

പുതിയ നിയമം ജനവിരുദ്ധമായി ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിർദ്ദേശിച്ചിരുന്നു. അതും മുഖവിലയ്ക്കെടുത്തില്ല കെ.എസ്.ഇ.ബി.
അധികവിലയ്ക്ക് വൈദ്യുതി വാങ്ങിയ നഷ്ടം നികത്താൻ ജൂൺ ഒന്നു മുതൽ യൂണിറ്റ് വൈദ്യുതി നിരക്കിൽ 20പൈസ സർചാർജ് ഈടാക്കാനുള്ള തീരുമാനമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്നലെ തടഞ്ഞത്. 9 പൈസ ആറ് മാസം കൂടി ഈടാക്കം. ഇത് മൂലം കെ.എസ്.ഇ.ബിയുടെ നഷ്ടം തീർന്നില്ലെങ്കിൽ ഒക്ടോബറിൽ വീണ്ടും അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ഇതൊന്നും പക്ഷേ ചെവിക്കൊണ്ടില്ല.

Advertisement
Advertisement