പൊലീസ് കംപ്ലെയ്ൻസ് അതോറിട്ടി ചെയർമാന്റെ കാലാവധി നീട്ടി

Thursday 01 June 2023 12:16 AM IST

തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലെയ്ൻസ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനന്റെ സേവന കാലാവധി ഇന്നലെ മുതൽ മൂന്ന് വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. താനൂർ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷന്റെ തലവനായും ജസ്റ്റിസ് മോഹനനെ നിയോഗിച്ചിരുന്നു.

ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് മുഖേന ഭൂരഹിതരായ പട്ടികവർഗക്കാർക്ക് നൽകുന്നതിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പുറപ്പെടുവിച്ച കരട് മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു.

റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിലെ സ്ഥിരം ജീവനക്കാർക്ക് 11ാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്ത സേവനവേതന പരിഷ്‌കരണം വ്യവസ്ഥകൾക്ക് വിധേയമായി നടപ്പാക്കും.

മലപ്പുറം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം കെ. തോമസിനെ നിയമിക്കാനും തീരുമാനിച്ചു.