അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Thursday 01 June 2023 12:33 AM IST

പാലക്കാട്: ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രികാചാര്യനുമായ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് (73)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ പട്ടാമ്പി കോഴിക്കാട്ടിരി അഴകത്ത് മനയിലായിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

അഴകത്ത് അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും ഏഴ് മക്കളിൽ നാലാമനായി 1950ലാണ് ജനനം. 1972ൽ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ച് അംഗമായിരുന്നു. തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകനായി. സംസ്കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ആലുവ തന്ത്രവിദ്യാ പീഠം സ്ഥാപകനും സാമൂഹ്യപരിഷ്കർത്താവുമായ പി.മാധവനായിരുന്നു ചെറുപ്പത്തിലെ മാർഗ്ഗദർശി. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്.

അബ്രാഹ്മണർക്കും താന്ത്രിക മേഖലയിലേക്ക് കടന്നുവരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച് 1980ൽ അദ്വൈതാശ്രമത്തിലെ പൂജാപഠന ശിബിരങ്ങൾക്ക് നേതൃത്വം നൽകി.

കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യരുടെ ഗുരുവായൂർ സന്ദർശനത്തിൽ ബ്രാഹ്മണർക്കും മറ്റുള്ളവർക്കും പങ്കെടുക്കാവുന്ന ഒരു പൂജാ സമ്പ്രദായത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും അതിനായി ശ്രീനാരായണ തന്ത്ര പരിഷത്ത് എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. സംഘടന നിലവിൽ വന്നപ്പോൾ അതിന്റെ പ്രഥമ ആചാര്യനായി. അതിലൂടെ അദ്ദേഹം ശ്രീനാരായണീയർക്ക് പരിശീലനവും മന്ത്രദീക്ഷയും നൽകി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മകൾ: രമാദേവി. മരുമകൻ: മിഥുൻ പടിഞ്ഞാറേപ്പാട്.

Advertisement
Advertisement