* ഉദ്ഘാടനം ജൂൺ 4ന് അമിത്ഷാ * അമൃത ആശുപത്രി രജതജൂബിലി: 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതി
കൊച്ചി: കൊച്ചി അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചു. എല്ലാവർഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്കു പുറമെ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും. ജൂൺ നാലിന് വൈകിട്ട് നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും.
വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നാളെ (2)യും മറ്റന്നാളും നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.
1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്ത അമൃത ആശുപത്രിയിൽ രാജ്യാന്തര നിലവാരമുള്ള ചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതായി സ്വാമി പറഞ്ഞു. 800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാസംവിധാനങ്ങളുമുണ്ട്. 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 24 മണിക്കൂർ ടെലിമെഡിസിൻ സേവനം എന്നിവയുണ്ട്. ഇതുവരെ രണ്ടുകോടിയോളം പേർ ചികിത്സ തേടിയതായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ഡോ. ആർ. കൃഷ്ണകുമാർ, ഡോ. പ്രിയ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.