ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Thursday 01 June 2023 12:36 AM IST
കടയ്ക്കൽ: മണ്ണൂരിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ജൂവലറി ജീവനക്കാരനായ യുവാവ് മരിച്ചു. കടയ്ക്കൽ മൂലബൗണ്ടർ ശിവ വിലാസത്തിൽ ശിവപ്രസാദ് - അജിത ദമ്പതികളുടെ മകൻ ശ്യാം പ്രസാദാണ് (29) മരിച്ചത്.
ഇന്നലെ രാവിലെ 8.30 ഓടെ മണ്ണൂർ ആയുർവേദ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അഞ്ചലിൽ നിന്ന് വരികയായിരുന്ന ടിപ്പർ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗോപിക. കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു ഇവരുടെ വിവാഹം. കടയ്ക്കൽ പൊലീസ് കേസെടുത്തു.