അക്ഷരച്ചെപ്പ് തുറന്ന് പ്രവേശനോത്സവം; ഒന്നാം ക്ലാസിലേയ്ക്ക് എത്തിയത് മൂന്ന് ലക്ഷത്തിലധികം കുട്ടികൾ
തിരുവനന്തപുരം: അക്ഷരച്ചെപ്പ് തുറന്ന് പുതിയൊരു അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. സമ്മാനപ്പൊതികളും മധുരവുമൊരുക്കിയാണ് നവാഗതരെ സ്‌കൂളുകളിലേയ്ക്ക് വരവേറ്റത്. 3.25 ലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസിലെത്തിയത്. ആകെ 42 ലക്ഷം വിദ്യാർത്ഥികളും. സംസ്ഥാനത്താകെ 15,452 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 13,964 എണ്ണവും സർക്കാർ എയ്ഡഡ് മേഖലയിലാണ്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മലയിൻകീഴ് ഗവ വി എച്ച് എസ് എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുരുകൻ കാട്ടാക്കട രചിച്ച് വിജയ് കരുൺ സംഗീതം പകർന്ന് മഞ്ജരിയും സംഘവും ചേർന്ന് പാടിയ 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം" എന്ന പ്രവേശനോത്സവ ഗാനം സ്‌കൂളുകളിൽ കേൾപ്പിച്ചു.
അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും 'മധുരം മലയാളം', 'ഗണിതം രസം', 'കുട്ടിക്കൂട്ടം' കെെപ്പുസ്‌തകങ്ങൾ മന്ത്രി ജി ആർ അനിലും പ്രകാശനം ചെയ്യും. ശുചിത്വ - ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ശുചീകരണം പൂർത്തിയായി.