പൊതുവിദ്യാഭ്യാസ അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടായി, പൊതുവിദ്യാലയങ്ങളെ രക്ഷിതാക്കളും കുട്ടികളും ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്ന് മുഖ്യമന്ത്രി

Thursday 01 June 2023 10:59 AM IST

തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ളാസിലേയ്ക്ക് പ്രവേശിച്ച കുട്ടികളാണ് ഇന്നത്തെ വിശിഷ്‌ട വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു. മലയിൻകീഴ് ഗവ. വി എച്ച് എസ് എസിൽ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുഞ്ഞ് മനസുകളിലടക്കം പൊതുവിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടാക്കിയിട്ടുള്ള മാറ്റവും അതിന്റെ ഭാഗമായുള്ള സന്തോഷവും ഉണർവും കുട്ടികളിൽ കാണാൻ സാധിക്കുന്നുണ്ടെന്നും ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പണ്ട് വിദ്യാലയങ്ങൾ വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇരുന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. എന്നാലിന്ന് വിദ്യാത്ഥികൾക്ക് കസേരയടക്കം സൗകര്യങ്ങളുണ്ട്. ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ചെലവഴിച്ചത്.

2016ൽ അഞ്ചുലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയത്. എന്നാലിന്ന് വിദ്യാലയങ്ങൾക്ക് മാറ്റം വന്നതോടെ രക്ഷിതാക്കളും കുട്ടികളും പൊതുവിദ്യാലയങ്ങളിലെത്താൻ താത്‌പര്യപ്പെട്ടു തുടങ്ങി. പൊതുവിദ്യാഭ്യാസ രംഗത്തുവന്ന മാറ്റങ്ങളാണ് ഇതിലൂടെ കാണുന്നത്'- മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ സന്നിഹിതരായിരുന്നു.

3.25 ലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസിലേയ്ക്ക് പ്രവേശിച്ചത്. സംസ്ഥാനത്ത് ആകെ 42 ലക്ഷം വിദ്യാർത്ഥികളാണുള്ളത്. സംസ്ഥാനത്താകെ 15,452 സ്കൂളുകളുണ്ട്. ഇതിൽ 13,964 എണ്ണവും സർക്കാർ എയ്ഡഡ് മേഖലയിലാണ്.

Advertisement
Advertisement