കണ്ണൂരിൽ ട്രെയിനിന് തീയിട്ടതുതന്നെ? തെളിവുകൾ പുറത്ത്, ഷാരൂഖ്   സെയ്‌ഫി   തീവച്ച  അതേ  ട്രെയിനിന്   വീണ്ടും  തീ പിടിച്ചത്   രണ്ടുമാസത്തിനുശേഷം

Thursday 01 June 2023 11:17 AM IST

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിൻ കത്തിച്ചതാണെന്നതിന് തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ബോഗിയിലെ ടോയ്‌ലറ്റിനോട് ചേർന്ന ജനാല തകർത്താണ് അക്രമി ഉളളിൽ കടന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ജനാല പൊട്ടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ല് ബോഗിക്കുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്രമി ബോഗിക്കുള്ളിൽ കടന്നു എന്നതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഇവിടെ അക്രമി ഒളിച്ചിരുന്നു എന്ന് സംശയിക്കുന്നുണ്ട്.

ഷർട്ടിടാത്ത ഒരാൾ ക്യാനുമായി ട്രെയിനിന് സമീപത്തേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് നടന്ന് രണ്ട് മാസം തികയുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെയാണ്‌ കണ്ണൂരില്‍ അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തമുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.

അതിനിടെ ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻ ഐ എയും സംഭവത്തെക്കുറിച്ചുളള വിവര ശേഖരണം തുടങ്ങി. കേസ് ഇപ്പോൾ അന്വേഷിക്കുന്ന പൊലീസ്-റെയിൽവേ പൊലീസ് സംഘത്തിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ആസൂത്രിതമായാണ് ട്രെയിന് തീവച്ചതെന്നും പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

എലത്തൂർ ട്രെയിൻ തീവയ്പ്പിന് സമാനമാണ് കണ്ണൂരിൽ ഉണ്ടാതെന്നാണ് എൻ ഐ എയുടെ പ്രാഥമിക വിലയിരുത്തൽ. എലത്തൂരിൽ ഷാരൂഖ് സെയ്‌ഫി ഇന്ധനം കൊണ്ടുവന്ന് ട്രെയിനിനുള്ളിൽ തളിച്ചാണ് തീ വച്ചത്. അതുപോലെതന്നെയാണ് കണ്ണൂരിൽ ഉണ്ടായതെന്നുമാണ് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും വ്യക്തമാക്കുന്നത്.ആദ്യം ബോഗിക്കുള്ളിൽ പുക കണ്ടെന്നും എന്നാൽ പൊടുന്നനെ ബോഗിയിൽ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് സംഭവം കണ്ടവർ പറയുന്നത്. ബോഗിയുടെ ഏതാണ്ടെല്ലാ സ്ഥലത്തുനിന്നും ഒരേസമയം തീ ആളിപ്പടർന്നു എന്നും അവർ പറയുന്നുണ്ട്. ബോഗിക്കുളളിൽ ഇന്ധനം സ്പ്രേ കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

കേരളം ഇതുവരെ കാണാത്ത തരത്തിലുളള ഒരു വൻ ദുരന്തം ഉണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നോ ട്രെയിനിന് തീയിട്ടത് എന്നും സംശയിക്കുന്നുണ്ട്. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റർ മാറിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതൽ ബോഗികളിലേക്ക് തീ പടരുകയും അത് ഇന്ധന സംഭരണിയിലേക്ക് എത്തുകയും ചെയ്തിരുന്നുവെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാർഡിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിക്കാണ് തീ പിടിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.