17കാരിക്ക് അടിയന്തര ചികിത്സ നൽകാൻ എറണാകുളം  അമൃത  ആശുപത്രിയിലേയ്ക്ക്; ആംബുലൻസിന് വഴിയൊരുക്കണം, റൂട്ട് വിവരങ്ങൾ ഇങ്ങനെ

Thursday 01 June 2023 12:45 PM IST

തൊടുപുഴ: കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ 17കാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ കൊണ്ടുപോവുന്നു. എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി റോഷി ആഗസ്റ്റിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. ആൻമരിയ ജോയ് എന്ന കുട്ടിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്.

കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വെറ്റില വഴി അമൃത ആശുപത്രിയിൽ എത്തിക്കാനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസ് രംഗത്തുണ്ട്. കെ എൽ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പോകുന്ന റൂട്ടിലെ മറ്റ് യാത്രക്കാർ ഇതൊരു അറിയിപ്പായി കണ്ട് ആംബുലൻസിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അഭ്യർത്ഥിച്ചു.