അരിക്കൊമ്പന്റെ അഭാവത്തിലും ദുരിതമൊഴിയാതെ ചിന്നക്കനാൽ; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചിന്നക്കനാൽ 301 കോളനിയിലെ കുമാറിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി നാടുകടത്തിയിട്ടും പ്രദേശത്തെ കാട്ടാനകളുടെ സാന്നിദ്ധ്യത്തിന് മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി പാതയിൽ വെച്ച് ചക്കക്കൊമ്പൻ വാഹനാപകടത്തിൽപ്പെട്ടിരുന്നു. പൂപ്പാറ ചുണ്ടൽ സ്വദേശി തങ്കരാജിന്റെ വാഹനമാണ് ചക്കക്കൊമ്പനെ ഇടിച്ചത്. വാഹനം ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തിന്റെ മുൻഭാഗം തകർത്തു. അപകടത്തിൽ തങ്കരാജ് ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ ആനയ്ക്ക് നിസാരമായ പരിക്കുകൾ മാത്രമാണുണ്ടായത് എന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവസങ്കേതത്തിൽ വിട്ട അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങിയതിന് പിന്നാലെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയാൽ മാത്രം മയക്കുവെടി വയ്ക്കാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ ഇപ്പോൾ തമിഴ്‌നാട്ടിലെ ഷൺമുഖ നദി അണക്കെട്ട് പരിസരത്തായി തുടരുന്നതായാണ് വിവരം. ക്ഷീണിതനായി കാണപ്പെട്ട ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് നിരീക്ഷണം.