അരിക്കൊമ്പൻ ക്ഷീണിതൻ; കാടിനുള്ളിലേക്ക് അരിയും ശർക്കരയുമടക്കം എത്തിച്ച് തമിഴ്നാട്‌

Friday 02 June 2023 1:00 PM IST

കമ്പം: അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ച് തമിഴ്നാട്. അരിയും, ശർക്കരയുമടക്കമുള്ള സാധനങ്ങളാണ് ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിലെത്തിച്ചത്. വനത്തിൽ പലയിടത്തായിട്ടാണ് ഇവ കൊണ്ടുവച്ചത്.


അതേസമയം, ആനയുടെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യർ മൂലം ഉണ്ടായതല്ലെന്നും മരക്കൊമ്പിലോ മറ്റോ ഉരഞ്ഞ് ഉണ്ടായതാകാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരോ ജനങ്ങളോ ആനയെ ഉപദ്രവിച്ചിട്ടില്ലെന്ന് കമ്പം എം എൽ എ എൻ രാമകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


ജനവാസ മേഖലയിലിറങ്ങിയതിന് ശേഷം ആന ക്ഷീണിതനായിരുന്നെന്നും അതിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കൾ കാട്ടിലെത്തിച്ചതെന്നും എം എൽ എ വ്യക്തമാക്കി. ഇപ്പോൾ രാത്രിയിൽ കൃഷിയിടത്തിലിറങ്ങിയാണ് ആന ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനിപ്പോൾ ഉള്ളതെന്നാണ് വിവരം. ആന വനം വിട്ട് പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തത്.